 
കോന്നി: ലോകപരിസ്ഥിതി ദിനത്തിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മൈലപ്ര, മലയാലപ്പുഴ, തണ്ണിത്തോട്, കോന്നി, അരുവാപ്പുലം. പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിലേക്ക് നൽകാനായി മണ്ണീറയിൽ 25000 വൃക്ഷ തൈകൾ ഒരുങ്ങുന്നു. സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ മഹാത്മാഗാന്ധി ദേശീയഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 4,89,100 രൂപ ചെലവഴിച്ച് തണ്ണിത്തോട് പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് നഴ്സറി തയാറാക്കുന്നത്. ശാസ്ത്രീയ രീതിയിൽ തവാർണകൾ തയാറാക്കി അതിൽ സാമൂഹിക വനവത്ക്കരണ വിഭാഗം നൽകിയ വിത്തുകൾ പാകിയാണ് തൈകൾ ഉത്പ്പാദിപ്പിക്കുന്നത്. ഇതിന്റെ പണികൾ ഒരു മാസം മുൻപ് തുടങ്ങിയതാണ് ഇപ്പോൾ തൈകൾ മുളച്ചു തുടങ്ങി. ആര്യവേപ്പ്, കുടംപുളി, ദന്തപ്പാല, നീർമരുത്, നെല്ലി, പേര, രക്തചന്ദനം, ചന്ദനം, ഈട്ടി, തേക്ക്, പൂവരിശ്, മാതളനാരകം, സീതപ്പഴം, കണിക്കൊന്ന എന്നിവയുടെ തൈകളാണ് ഇവിടെ പ്രധാനമായും തയാറാക്കി വരുന്നത്. മണ്ണീറ തലമാനം പ്രദേശത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗങ്ങളായ ആറുപേർക്കാണ് നഴ്സറിയുടെ ആദ്യഘട്ട ചുമതല നൽകിയിരിക്കുന്നത്. വേനൽ കടുത്ത സാഹചര്യത്തിൽ വെയിലിന്റെ കാഠിന്യത്തിൽ തൈകൾ വളർത്തികൊണ്ടുവരാനുള്ള ശ്രമത്തിലാണിവർ.