daily
കളക്ടറേറ്റിൽ നിർമ്മാണം നടക്കുന്ന മതിൽ

പത്തനംതിട്ട : കളക്ടറേറ്റ് മതിലിൽ രൂപപ്പെട്ട വിള്ളൽ പരിശോധിച്ച് പരിഹരിക്കുമെന്ന് പി.ഡബ്യൂ.ഡി. നിലവിൽ കളക്ടറേറ്റ് വളപ്പിനുള്ളിലെ കവാടത്തിന് ശേഷമുള്ള മതിലുകൾ പണിത് കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം കവാടത്തിന് പുറത്തെ വിള്ളലും പരിഹരിക്കും. കവാടത്തിന് പുറത്തെ മതിലിൽ വിള്ളൽ രൂപപ്പെട്ട് അപകടത്തിലായ വാർത്ത ഇന്നലെ കേരള കൗമുദിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കളക്ടറേറ്റിന്റെ പ്രധാന കവാടത്തിന് സമീപം പത്തനംതിട്ട വില്ലേജ് ഓഫീസ് കെട്ടിടത്തിനടുത്ത് നടപ്പാതയോടു ചേർന്നുള്ള മതിലിലാണ് വിള്ളൽ. രാഷ്ട്രീയ പാർട്ടികളും മറ്റ് സംഘടനകളും ഈ മതിലിന് താഴെയാണ് സമരം നടത്തുക.കളക്ടറേറ്റിലും ക്ഷേമനിധി ഓഫീസിലും സിവിൽ സപ്ലൈസ് ഓഫീസിലും എത്തുന്നവരും മറ്രും ഇതുവഴിയാണ് കടന്നുപോകുക.

മതിൽ നിർമ്മാണം ആരംഭിച്ചു

കളക്ടറേറ്റ് വളപ്പിൽ കവാടത്തിന് ഇടത് ഭാഗത്ത് മതിൽ നിർമ്മാണം ആരംഭിച്ചു. പി.ഡബ്യൂ.ഡിയ്ക്കാണ് നിർമ്മാണ ചുമതല. കളക്ടറേറ്റ് കവാടത്തിനകത്തേക്കുള്ള പാതയിൽ വലത് ഭാഗത്ത് മാത്രമായിരുന്നു മതിൽ ഉണ്ടായിരുന്നത്. ഇതേ നീളത്തിൽ തന്നെ ഇടത് ഭാഗത്ത് മതിൽ കെട്ടി ഉയർത്തുകയാണ്. എട്ട് ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. 70 മീറ്ററോളം നീളത്തിൽ കവാടത്തിനുള്ളിലേക്കുള്ള പാതയോരത്താണ് മതിൽ നിർമ്മിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലാണ് നിർമ്മാണം നടക്കുന്നത്. മതിലിന്റെ നിർമ്മാണം പൂർത്തിയായാൽ കളക്ടറ്റേറ്റ് കവാടത്തിലെത്തുന്നവർക്ക് കവാടത്തിന്റെ ഗേറ്റ് വഴി മാത്രമേ അകത്തേക്ക് പ്രവേശിക്കാനാകു.

.................

കളക്ടറേറ്റ് വളപ്പിനുള്ളിലെ കവാടത്തിന് കഴിഞ്ഞ് അകത്തേക്കുള്ള മതിലുകളുടെ നിർമ്മാണം നടക്കുകയാണ്. ഇതോടൊപ്പം കവാടത്തിന് പുറത്തെ വിള്ളലും പരിഹരിക്കും.

മേജോ ജോർജ്

(പി.ഡബ്യൂ.ഡി അസി. എൻജിനീയർ)