
പത്തനംതിട്ട : കൊവിഡ് മൂന്നാംഘട്ടത്തിലേക്ക് കടന്നതോടെ സ്വകാര്യബസ് ജീവനക്കാർ വീണ്ടും പ്രതിസന്ധിയിൽ. വൈകിട്ട് 6ന് മുമ്പേ സർവീസ് അവസാനിപ്പിക്കേണ്ട ഗതികേടിലാണ് പലരും. കൊവിഡ് രൂക്ഷമായതോടെ നിരത്തിൽ ആളുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. ഡീസലിനുള്ള പണംപോലും രണ്ട് ദിവസമായി ലഭിക്കുന്നില്ല. ജീവനക്കാർക്ക് കൂലി നൽകാനും കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ കൊവിഡ് സാഹചര്യത്തിൽ നിരവധി ബസ് ഉടമകൾ ഈ മേഖല വിട്ട് പോയിരുന്നു. പലരും കടക്കെണിയിലായി. കടം പൂർണമായി തീർക്കാൻ പോലും സാഹചര്യം ലഭിക്കുന്നതിന് മുമ്പ് മൂന്നാംതരംഗത്തിൽപ്പെട്ടതിന്റെ ആശങ്കയിലാണ് ഉടമകളും ജീവനക്കാരും.
കൊവിഡിന് മുമ്പ് 365, ഇപ്പോൾ 300
കൊവിഡിന് മുമ്പ് 365 ബസുകൾ സർവീസ് നടത്തിയിരുന്ന ജില്ലയിൽ ഇപ്പോൾ മൂന്നോറോളം ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഡീസൽ അടിക്കാനുള്ള തുകപോലും ബസ് ഉടമകൾക്ക് ലഭിക്കുന്നില്ല.
ടാക്സ് അടച്ചില്ല
കഴിഞ്ഞ ജൂലായ് മുതലുള്ള റോഡ് ടാക്സ് അടക്കാനുണ്ടെന്ന് ബസ് ഉടമകൾ പറയുന്നു. ഡിസംബർ 31 വരെയായിരുന്നു തുക അടക്കാനുള്ള കാലാവധി. റോഡ് ടാക്സ് അടയ്ക്കാനാവാത്ത ബസ് നിരത്തിലിറക്കാൻ കഴിയില്ല. കടംവാങ്ങിയും പണയം വച്ചുമാണ് ഉടമകൾ ടാക്സ് അടക്കുന്നത്. ഒരു ബസിന് 10000 രൂപയും പത്ത് ശതമാനം പലിശയും അടയ്ക്കണം. കൊവിഡ് സാഹചര്യത്തിൽ സർവീസ് മുടങ്ങിയ കാലത്തെ ടാക്സും ഇൗടാക്കുന്നതായി ബസ് ഉടമകൾ പറഞ്ഞു. പല തവണ മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയെങ്കിലും ഇതുവരെ തീരുമാനമായില്ല.
"ഫെബ്രുവരിൽ ബസ് ചാർജ് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയിട്ടില്ല. തീരുമാനം ആയിട്ടുണ്ട്. എന്നാൽ ചാർജ് കൂട്ടിയാലും യാത്രക്കാരില്ലെങ്കിൽ വീണ്ടും കടക്കെണിയിലാവും. കൊവിഡ് വർദ്ധിച്ചതോടെ ബസ് യാത്രക്കാരുടെ എണ്ണം കുത്തനെകുറഞ്ഞു. "
ലാലു മാത്യു, (ബസ് ഉടമ)