1
പ്രളയേശേഷം കോമളം പാലം

മല്ലപ്പള്ളി : കോമളം അപ്രോച്ച് റോഡിൽ താല്കാലിക പാലം നിർമ്മിക്കാൻ തീരുമാനമായി. മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. മന്ത്രി മുഹമ്മദ് റിയാസുമായി സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു,മല്ലപ്പള്ളി ഏരിയ സെക്രട്ടറി ബിനു വർഗീസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിൽ കോമളം പാലം ആക്ഷൻ കൗൺസിൽ ഭാരവാഹികൾ നടത്തിയ ചർച്ചയെ തുടർന്നാണ് മന്ത്രിയുടെ നിർദേശം. മൂന്ന് മാസങ്ങൾക്ക് മുൻപ് മണിമലയാറ്റിലുണ്ടായ രൂക്ഷമായ പ്രളയത്തിൽ പാലം ഒലിച്ചുപോയതോടെ ഗതാഗതം തടസപ്പെട്ട കോമളം പാലത്തിന്റെ സ്ഥാനത്ത് പുതിയപാലം നിർമ്മിക്കുന്നതുവരെ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ വാഹനഗതാഗത പൊതുമരാമത്ത്,ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് പൊതുമരാമത്ത് ചീഫ് എൻജനീയർക്ക് നിർദേശം നല്കി. ചർച്ചയിൽ കോമളം പാലം ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ജിജി മാത്യു(രക്ഷാധികാരി), സത്യൻ കെ.കെ(കൺവീനർ), ജോസ് ഫിലിപ്പ്(വൈസ് ചെയർമാൻ), റെജി പോൾ, ബിജു നൈനാൻ മരുതുക്കുന്നേൽ എന്നിവർ നേതൃത്വം നല്കി.