 
പത്തനംതിട്ട : ജനറൽ ആശുപത്രിയ്ക്ക് സമീപം ടി.കെ റോഡിൽ സെന്റ് മേരീസ് റോഡ് തുടങ്ങുന്ന ഭാഗത്തെ ഓട മണ്ണ് നിറഞ്ഞ് അടഞ്ഞ നിലയിൽ. വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വ്യാപാരികളുടെ ആരോപണം. പ്രദേശത്തെ ഫ്ലാറ്റുകൾ, വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മലിന ജലം ഈ ഓടയിലൂടെ ഒഴുകി എത്താറുണ്ടെന്ന് വ്യാപാരികൾ പറയുന്നു. നിലവിൽ മണ്ണ് കയറി ഓട അടഞ്ഞതിനാൽ വെള്ളം കടന്ന് പോകാനാകാതെ നിറഞ്ഞ് പുറത്തേക്ക് ഒഴുകുകയാണ്. ടി.കെ റോഡിൽ നിന്ന് സെന്റ് മേരീസ് സ്കൂൾ വഴിയാണ് ഈ റോഡ് കടന്നുപോകുന്നത്. റോഡ് തുടങ്ങുന്നിടത്ത് കോൺക്രീറ്ര് സ്ലാബിന് പകരം കമ്പികൾ കൊണ്ടുള്ള അഴികളാണ് ഇട്ടിരിക്കുന്നത്. മണലും മാലിന്യവുമെല്ലാം ഈ കമ്പികളുടെ വിടവിൽ കൂടി അകത്തേക്ക് വീണ് ഓട അടഞ്ഞ നിലയിലാണ്.
സമാന പ്രശ്നം ഇതിന് മുമ്പും
ടി.കെ റോഡിൽ നിന്ന് സെന്റ് മേരീസ് റോഡ് ആരംഭിക്കുന്ന ഭാഗത്തെ ഓടയാണിത്. മുമ്പും ഇവിടെ കമ്പിയാണ് സ്ലാബിന് പകരം ഉപയോഗിച്ചിരുന്നത്. ഭാരം കൂടിയ വാഹനങ്ങൾ വരുമ്പോൾ ഈ കമ്പി താഴ്ന്ന് പോകാറുണ്ട്. ഇതിന്റെ ഇരുവശവും കോൺക്രിറ്റ് ചെയ്ത് ഉറപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും വശങ്ങളിലെ കമ്പികൾ വളഞ്ഞ് കുഴിയായി മാറിയിരിക്കുകയാണ്. മുമ്പ് ഇതേ പ്രശ്നം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അന്ന് ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെടുക പതിവായിരുന്നു. മണൽ വന്ന് നിറയുന്നതിനാൽ ചരൽ മണ്ണിൽ ഇരുചക്രവാഹനങ്ങൾ പാളി കുഴിയിൽ വീഴുമായിരുന്നു. ശേഷം നവീകരണം നടത്തിയെങ്കിലും കമ്പികൾ തന്നെയാണ് ഇട്ടത്. സ്ലാബ് വാർത്തിട്ടാൽ ഉയരം കൂടുകയും ചെയ്യും. എന്നാൽ അപകടങ്ങൾ കുറയ്ക്കാൻ ഒരു പരിഹാരവും അധികൃതർ ചെയ്തിട്ടില്ല.
..................
"പി.ഡബ്യൂ.ഡിയ്ക്കാണ് ഓടകൾ നിർമ്മിക്കാനുള്ള ചുമതല. പുനർനിർമ്മാണം നടത്താൻ കത്ത് നിൽകിയിരുന്നു. നിരവധി പരാതികൾ ലഭിച്ചിരുന്നു. "
സിന്ധു അനിൽ
(വാർഡ് കൗൺസിലർ)
...............
പലതവണ പരാതി പറഞ്ഞു. ഫണ്ടില്ലെന്ന് പറഞ്ഞാണ് ഒഴിയുന്നത്. ഇത് കടയിൽ വരുന്ന ആളുകളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. മലിന വെളളമാണിത്. രോഗങ്ങളൊക്കെ പെരുകുന്ന ഈ സമയത്ത് ഇങ്ങനെ വെള്ളം ഒഴുകുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുമായില്ല.
വ്യാപാരി