പ്രമാടം : പ്രമാടം പഞ്ചായത്തിലെ പൂങ്കാവിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ജനപ്രതിനിധികൾ ഉൾപ്പടെയുള്ള നിരവധി ആളുകൾക്ക് കൊവിഡ് ബാധയുണ്ടെങ്കിലും നിയന്ത്രണങ്ങൾ കാര്യക്ഷമമാക്കാൻ അധികൃതർ തായാറായിട്ടില്ല. പഞ്ചായത്തിലെ പ്രധാന മാർക്കറ്റ് സ്ഥിതി ചെയ്യുന്നത് പൂങ്കാവിലാണ്. വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി ആളുകളാണ് ദിവസേന ഇവിടെ വന്നുപോകുന്നത്. പ്രധാന മാർക്കറ്റ് ദിവസങ്ങളായ ചൊവ്വ, വെള്ളി ദിവസങ്ങളിൽ വൻ തിരക്കാണ്. മാർക്കറ്റിലും വ്യാപന സ്ഥാപനങ്ങളിലും യാതൊരുവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല. നിയന്ത്രണങ്ങൾ കർശനമാക്കാത്തത് രോഗ വ്യാപനത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്. നിരവധി ആളുകൾ വീടുകൾക്ക് പുറമെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. കൊവിഡിന്റെ ഒന്നും രണ്ടും തരംഗത്തിൽ നിരവധി മരണങ്ങളും പൂങ്കാവ് കേന്ദ്രീകരിച്ച് സംഭവിച്ചിരുന്നു. പൂങ്കാവിൽ നടന്ന മതപരമായ ചടങ്ങളിൽ പങ്കെടുത്ത നാൽപ്പതോളം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്ക്. സമ്പർക്കപ്പട്ടികയിലുള്ള നിരവധി ആളുകൾ നിരീക്ഷണത്തിലുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗങ്ങളും പ്രതിഷേധ പ്രകടനങ്ങളും വരെ ഇവിടെ നടന്നു.

സ്വയം ജാഗ്രത വേണം

വരും ദിവസങ്ങളിൽ പൂങ്കാവിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ജനങ്ങൾ സ്വയം ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.