1
തെങ്ങമം ഭാഗത്ത് കനത്തിൽ വളർന്നു നിൽക്കുന്ന കാടുകൾ

പള്ളിക്കൽ: പള്ളിക്കലിലെ മലയോര മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. കാർഷികാവശ്യത്തിന് വെള്ളം വേണമെന്ന ആവശ്യവുമായി മുറവിളി ഉയർന്നു കഴിഞ്ഞു.എന്നിട്ടും കനാൽ വൃത്തിയാക്കാൻ പോലും അധികൃതർ ഇതുവരെയും തയാറായിട്ടില്ല. കനാൽ ഫെബ്രുവരി ആദ്യം തുറന്ന് വിടുമെന്നാണ് കെ.ഐ പി അധികൃതർ അറിയിച്ചിരിക്കുന്നത്. കനാലുകൾ കാട് മൂടി കിടക്കുന്നതാണ് തടസം. രണ്ട് വർഷം മുൻപ് വരെ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലികൾ ചെയ്യിച്ചിരുന്നു. ആവർത്തന സ്വഭാവമുള്ള ജോലികൾ തൊഴിലുറപ്പ് പദ്ധതിയിൽ ചെയ്യുന്നത് കേന്ദ്രഗവ: തടഞ്ഞതിനെ തുടർന്ന് ഇതും നടക്കുന്നില്ല. പതിനാലാം മൈൽ മുതൽ തെങ്ങമം ഭാഗം വരെ കനാലിൽ വെള്ളം എത്തിയാൽ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന്റെ 50 ശതമാനം പരിഹരിക്കാൻ കഴിയും. തൊഴിലുറപ്പ് പദ്ധതി പ്രകാരം കാടുവെട്ടുനടത്താൻ കഴിയാത്തതിനാൽ ഈപ്രാവിശ്യം കെ.ഐ പി നേരിട്ട് കാട് വെട്ടാൻ ടെൻഡർ വിളിച്ചിരുന്നു. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് എഗ്രിമെന്റ് വെച്ചെന്ന് ഡിസംബറിലെ കെ.ഐ.പി അധികൃതർ പറഞ്ഞതാണ്. കരാറുകാരൻ പണി തുടങ്ങിയില്ലന്നാണ് കെ.ഐ.പി അധികൃതർ പറയുന്നത്. പള്ളിക്കൽ മേഖലയിൽ ഒരിടത്തും കാടുവെട്ട് തുടങ്ങിയിട്ടില്ല. കാട് വെട്ടി കനാലിൽ വെള്ളമെത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.