പത്തനംതിട്ട: 2019 ൽ പൊലീസിന്റെ കൺമുന്നിൽ നടന്ന മർദ്ദനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടർന്നാണെന്നും ഇത്തരം വീഴ്ചകൾ പൊലീസിന്റെ ഭാഗത്ത് നിന്നും ഭാവിയിലുണ്ടാകരുതെന്നും കമ്മിഷൻ അംഗം വി.കെ ബിനാകുമാരി ഉത്തരവായി.
ഓട്ടോറിക്ഷ ഡ്രൈവറായ കുഞ്ഞുമോൻ മുഹമ്മദിനെ 2019 ജൂലായ് 10 നാണ് എഴുപേരടങ്ങുന്ന സംഘം ആക്രമിച്ചത്. ട്രാഫിക് പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മർദ്ദനം. പരാതി നൽകിയിട്ടും കേസെടുത്തില്ല. തുടർന്ന് കമ്മിഷനെ സമീപിച്ചു. പരാതിക്കാരൻ സ്റ്റേഷനിൽ ഹാജരായാൽ കേസ് രജിസ്റ്റർ ചെയ്യാമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കമ്മിഷനെ അറിയിച്ചു. ഇത് കമ്മീഷൻ തള്ളി. തുടർന്ന് പരാതിക്കാരന്റെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
യഥാസമയം പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ശുഷ്‌കാന്തിയുണ്ടായിട്ടില്ലെന്ന ആരോപണം കമ്മീഷന് ബോദ്ധ്യപ്പെട്ടതായി ഉത്തരവിൽ പറയുന്നു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് ഉത്തരവ് നൽകിയത്.