23-ladies-hostel
പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റൽ കം വനിതാ ലോഡ്ജ്

പ​ത്ത​നം​തിട്ട : നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റൽ കം വനിതാ ലോഡ്ജ് 26ന് രാവിലെ 11ന് നഗരസഭാ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ നാടിന് സമർപ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും താൽക്കാലിക ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തുന്ന വനിതകൾക്കും താമസ സൗകര്യം ലഭ്യമാകും. 2019 ൽ നിർമ്മാണം ആരംഭിച്ച വനിതാ ഹോസ്റ്റലിന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരുന്നില്ല. ഇലക്ട്രിക്കൽ വർക്കുകളും കുടിവെള്ളത്തിനായുളള ക്രമീകരണവും പാൻട്രി, മേൽക്കൂര നിർമ്മാണവും പൂർത്തീകരിച്ചു. യാഡും പരിസരവും ടൈൽ പാവുകയും വനിതാ ഹോസ്റ്റലിന്റെ സംരക്ഷണത്തിനായി ചുറ്റുമതിൽ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ അടുക്കളയും വർക്ക് ഏരിയയും ക്രമീകരിച്ചിട്ടുണ്ട്. താമസക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ സി.സി.ടി.വി ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട പദ്ധതിയാണ് പുതിയ നഗരസഭ ഭരണസമിതി അധികാരത്തിൽ വന്നതിനെ തുടർന്ന് 15 ലക്ഷം രൂപ ചെലവ് ചെയ്ത് പൂർത്തീകരിക്കുന്നത്. നഗരസഭയിലെ കുടുംബശ്രീ യൂണിറ്റിനാണ് നടത്തിപ്പ് ചുമതല.