ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളേജിൽ 24 മുതൽ നടത്താനിരുന്ന എൻ.സി.സി ക്യാമ്പ് മാറ്റി വെച്ചു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, പന്തളം എൻ.എസ്.എസ് കോളേജ്, ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്‌കൂൾ, പി.എച്ച്.സ് മെഴുവേലി എന്നിവിടങ്ങളിലെ 210ൽപരം കേഡറ്റുകൾ പങ്കെടുക്കുന്ന ക്യാമ്പാണ് വ്യാപക എതിർപ്പിനെ തുടർന്ന് മാറ്റിയത്. ക്യാമ്പിൽ പങ്കെടുക്കേണ്ട വനിതാ കേഡറ്റുകളിൽ പലരും റൂറൽ ഏരീയാകളിൽ നിന്നുമാണ് എത്തേണ്ടത്. കൊല്ലം ജില്ലയിൽ നിന്നുപോലും ക്യാമ്പിൽ പങ്കെടുക്കേണ്ട വിദ്യാർത്ഥിനികൾ ഉണ്ടായിരുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പിൽ രാവിലെ 7.30ന് റിപ്പോർട്ട് ചെയ്യണം. വൈകിട്ട് 4ന് ക്യാമ്പ് അവസാനിക്കും. ദൂരെനിന്നും പൊതു ഗതാഗതം ഉപയോഗിച്ച് വരുന്ന വിദ്യാർത്ഥികൾക്ക് പുലർച്ച് 5 മണിക്കെങ്കിലും വീട്ടിൽ നിന്നിറങ്ങിയാലെ സമയത്തിന് ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കു. മാത്രമല്ല രാത്രി വളരെ വൈകിയെ വീട്ടിൽ തിരികെ എത്താനും സാധിക്കു. ഇത്തരത്തിൽ വീടുകളിൽ നിന്നും വിദ്യാർത്ഥികൾ വന്നുപോകുന്നത് നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമല്ല. ഇത് ചൂണ്ടികാട്ടി കോളേജ് അധികൃതരും രക്ഷിതാക്കളും എൻ.സി.സി ഓഫീസേഴ്സുമായി ബന്ധപ്പെട്ട് അഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി ക്യാമ്പിൽ പങ്കെടുക്കണമെന്നായിരുന്നു എൻ.സി.സി അധികൃതരുടെ നിലപാട്. ഇതനുസരിച്ച് ടെസ്റ്റു നടത്തിയ വിദ്യാർത്ഥികളിൽ ചിലർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡോ.ജോൺസൺ ബേബി നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി ക്യാമ്പ് മാറ്റിവെക്കണമെന്ന് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്നലെ ഉച്ചക്ക് ശേഷം ക്യാമ്പ് മാറ്റിവെച്ചത്.