പത്തനംതിട്ട: പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രി കാർഡിയോളജി വിഭാഗത്തിൽ വാൽവ് മാറ്റം ശസ്ത്രക്രിയയിൽ മറ്റൊരു നാഴികക്കല്ല് കൂടി. അതിസങ്കീർണവുമായ വാൽവ് മാറ്റം (ടി.എ.വി.ആർ) ശസ്ത്രക്രിയയാണ് വിജയകരമായി രണ്ട് രോഗികളിൽ പൂർത്തിയാക്കിയത്.
പ്രധാന വാൽവായ അയോർട്ടിക് വാൽവ് ചുരുങ്ങിയ അവസ്ഥയിലുള്ള രോഗികളിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി രോഗിയുടെ തുടയിലെ ധമനിയിലൂടെ വാൽവ് ഘടിപ്പിച്ച കത്തിറ്റർ കടത്തിവിട്ട് പഴയ വാൽവിനു പകരമായി പിടിപ്പിക്കുന്ന സാങ്കേതിക വിദ്യയാണിത്. പരുമല കാർഡിയോളജി വിഭാഗത്തിലെ ഡോ. മഹേഷ് നളിൻ കുമാർ, ഡോ. സാജൻ അഹമ്മദ്, ഡോ. അരുൺ കുമാർ എന്നിവരാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്.
അപൂർവം രോഗികളിൽ മാത്രം കണ്ടുവരുന്ന ബൈകസ്പിഡ് അയോർട്ടിക് വാൽവ് എന്ന അവസ്ഥയിൽ ഉണ്ടായിരുന്ന കായംകുളം സ്വദേശി ഹരിഹരൻ പിള്ള(73) ,​ തിരുവല്ല പുല്ലാട് സ്വദേശിനി റോസമ്മ മാത്യു (77) എന്നിവരിൽ ഹൃദയംതുറക്കാതെ,​ ചുരുങ്ങിയ ഹൃദയവാൽവിന് പകരം പുതിയ വാൽവ് ഘടിപ്പിക്കുകയായിരുന്നു. മുന്ന് ദിവസത്തിനുള്ളിൽ ഇരുവരും പൂർണ ആരോഗ്യത്തോടെ ആശുപത്രിവിട്ടു.
സാധാരണയായി അയോർട്ടിക് വാൽവ് ചുരുങ്ങുന്ന അവസ്ഥയിലുള്ള രോഗികളിൽ ഹൃദയശാസ്ത്രക്രിയ നടത്തി വാൽവ് മാറ്റിവയ്ക്കുന്ന രീതിയാണ് അവലംബിച്ചുവരുന്നത്, പ്രായമായവരിലും മറ്റ് അനുബന്ധ രോഗങ്ങൾ ഉള്ളവരിലും ഹൃദയം തുറന്നുള്ള ശാസ്ത്രക്രിയ വളരെ സങ്കിർണവും അപകടം നിറഞ്ഞതുമാണ്. കൂടാതെ രോഗി പൂർണ ആരോഗ്യവസ്ഥയിലേക്ക് തിരികെവരാൻ കാലതാമസം നേരിടുകയും ചെയ്യും. വിദേശരാജ്യങ്ങളിൽ 30 ലക്ഷത്തിലധികം രൂപ ചെലവുവരുന്ന ഈ സാങ്കേതികവിദ്യ ഇതിന്റെ പകുതിയോളം ചെലവിലാണ് സെന്റ ഗ്രിഗോറിസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ നടത്തിയതെന്ന് ഡോ. മഹേഷ് നളിൻകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.