കൊ​ടു​മൺ: കൊ​ടു​മൺ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ങാ​ടി​ക്കൽ പ്ര​ദേശ​ത്ത് വാ​ട്ടർ അ​തോ​റി​റ്റി​യുടെ ജ​ല​വി​തര​ണം മു​ട​ങ്ങി​യി​ട്ട് ആ​റു​മാ​സം . കൊ​ടും​വ​രൾ​ച്ച തു​ട​ങ്ങി​യ​തോ​ടെ കൈ​ത്തോ​ടു​ക​ളും ചെറി​യ കു​ള​ങ്ങളും വറ്റി. കി​ണ​റു​ക​ളിലും വെ​ള്ളം വ​റ്റി​ത്തു​ട​ങ്ങി. ജ​പ്പാൻ കു​ടി​വെ​ള്ള​പ​ദ്ധ​തി​യിലൂടെ അ​ങ്ങാ​ടി​ക്കൽ വട​ക്ക് സി​യോൻകു​ന്നിലെ ടാങ്കിൽ നിന്ന് പാണൂർ മു​രു​പ്പിലെ ടാങ്കിൽ ശേ​ഖ​രി​ക്കു​ന്ന വെ​ള്ള​മാ​ണ് കൊ​ടു​മൺ പ​ഞ്ചാ​യ​ത്തി​ന്റെ പ​ല​ഭാ​ഗത്തും വി​തര​ണം ചെ​യ്യു​ന്നത്. ആ​നയ​ടി - കൂ​ടൽ റോഡിൽ അ​ങ്ങാ​ടി​ക്കൽ വട​ക്ക് ഭാ​ഗ​ങ്ങ​ളി​ലുള്ള പൈ​പ്പു​കൾ ഇ​ള​കി​യ​താ​ണ് നാ​ട്ടു​കാ​രു​ടെ കു​ടി​വെ​ള്ളം മു​ടങ്ങാൻ കാ​രണം. ഒ​രിട​ത്ത് പൈ​പ്പ് പു​ന​സ്ഥാ​പി​ക്കു​മ്പോൾ മ​റ്റൊ​രിട​ത്ത് പൊ​ട്ടും. നാ​ട്ടുകാർ എം. എൽ. എ​യോ​ടും പ​ഞ്ചായ​ത്ത് അ​ധി​കൃ​ത​രോടും പ​രാ​തി പ​റ​ഞ്ഞു​മ​ടുത്തു. ക​ഴി​ഞ്ഞ​ദിവ​സം അ​ങ്ങാ​ടി​ക്ക​ലിൽ കൂടി​യ ഗ്രാ​മ​സ​ഭ​ക​ളിലും പരാതിയുയർന്നു. അ​ടു​ത്ത ദിവ​സം ത​ന്നെ പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​മെ​ന്ന് പ​ഞ്ചാ​യ​ത്തു പ്ര​സിഡന്റ് കെ. കെ. ശ്രീ​ധ​ര​നും, മെ​മ്പർ ജി​തേ​ഷ് കു​മാറും ഉറ​പ്പു നൽകി. കെ. ഐ. പി ക​നാൽ തു​റ​ന്നു​വി​ട​ണ​മന്നും ഗ്രാമ​സ​ഭ ആ​വ​ശ്യ​പ്പെട്ടു. ക​നാ​ലി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​കൾ തീർ​ന്നി​ട്ടില്ല.