ചെങ്ങന്നൂർ: നഗരസഭാ പ്രദേശത്തുകൂടി മണ്ണുമായി പോകുന്ന ലോറികളുടെ നിയമ ലംഘനം കർശനമായി നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് മുൻ നഗരസഭാ ചെയർമാനും കൗൺസിലറുമായ കെ.ഷിബുരാജൻ ജില്ലാ കളക്ടർ, ആർ.ഡി.ഒ, ഡിവൈ.എസ്.പി എന്നിവർക്ക് പരാതി നൽകി. പത്തനംതിട്ട ജില്ലയിലെ വല്ലനയിൽ നിന്നു നൂറുകണക്കിന് ലോഡ് മണ്ണാണ് നിത്യേന ചെങ്ങന്നൂർ വഴി വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നത്. നിയമാനുസൃത പാസ് ഉണ്ടെന്ന പേരിൽ നിയമം ലംഘിച്ചാണ് വാഹനങ്ങൾ റോഡിലൂടെ അപകടകരമായ നിലയിൽ ചീറിപ്പായുന്നത്. ടോറസ് പോലെയുള്ള വലിയ വാഹനങ്ങളിൽ അമിത ലോഡ് മണ്ണാണ് ദിവസേന വിവിധ റോഡുകളിലൂടെ സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൊണ്ടുപോകുന്നത്. അമിതഭാരം കയറ്റിയ ലോറികൾ ഇടതടവില്ലാതെ കടന്നുപോകുന്നതിനാൽ അത്യാധുനീക രീതിയിൽ ബി.എം.ബി.സി. സ്‌കീമിൽ കോടികൾ മുടക്കി നിർമ്മിച്ച പല റോഡുകളും തകരുന്നു. വല്ലനയിൽ നിന്ന് ഇനിയും ആയിരക്കണക്കിന് ലോഡു മണ്ണാണ്ണ് സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കൊണ്ടുപോകാനുള്ളത്. ഇത്രയേറെ ലോഡ് മണ്ണ് കൊണ്ടുപോയി കഴിയുമ്പോൾ എം.സി.റോഡ്, ചെങ്ങന്നൂർ- കോഴഞ്ചേരി റോഡ്, ഐ.ടി.ഐ. കിടങ്ങന്നൂർ റോഡ്, അങ്ങാടിക്കൽ- പുത്തൻകാവ് റോഡ്, എന്നിവ ഗതാഗത യോഗ്യമല്ലാതായിത്തീരും.