
തിരുവല്ല: ഇന്ത്യൻ വംശജനും അഭിഭാഷകനുമായ മജു വർഗീസിനെ (43) അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായും വൈറ്റ് ഹൗസ് മിലിറ്ററി ഓഫിസിന്റെ ഡയറക്ടറായും നിയമിച്ചു. വൈറ്റ് ഹൗസ് ചടങ്ങുകളിൽ സൈനിക സേവനങ്ങൾ ലഭ്യമാക്കുന്ന ഓഫീസാണ് ഡബ്ല്യു.എച്ച്.എം.ഒ. തിരുവല്ല പുത്തൻപറമ്പിൽ മാത്യുവിന്റെയും സരോജയുടെയും മകനായ മജു ന്യൂയോർക്കിലാണ് ജനിച്ചത്.
മജു ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിന്റെ സി.ഇ.ഒ ആയും പ്രവർത്തിച്ചിട്ടുണ്ട്. ബൈഡന്റെയും കമല ഹാരിസിന്റെയും സത്യപ്രതിജ്ഞാ ചടങ്ങിന്റെ നടത്തിപ്പുസമിതിയിലും അംഗമായിരുന്നു. നിയമബിരുദത്തിനുശേഷം മസാച്ചുസെറ്റ്സ് സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസും സാമ്പത്തിക ശാസ്ത്രവും പഠിച്ചു. 2000ൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി അൽഗോറിന്റെ പ്രചാരണ സംഘത്തിലുണ്ടായിരുന്നു. ബറാക് ഒബാമ പ്രസിഡന്റായപ്പോൾ വിവിധ തസ്തികകളിൽ മജു ആറു വർഷം സേവനമനുഷ്ഠിച്ചു. അമേരിക്കക്കാരിയും പോളിസി വിദഗ്ദ്ധയുമായ ജൂലി വർഗീസാണ് ഭാര്യ. 14 കാരൻ ഇവാനാണ് മകൻ. .