കോന്നി: വേനൽ കടുത്തതോടെ അച്ചൻകോവിൽ,കല്ലാർ നദികളും വറ്റി തുടങ്ങി. കാലവർഷത്തിൽ വെള്ളപ്പൊക്കം സമ്മാനിച്ച ഈ നദികളിൽ ചേരുന്ന ഒട്ടുമിക്ക തോടുകളും വറ്റി വരണ്ടു. അച്ചൻകോവിൽ വനത്തിലെ പശുക്കിടാമേട്ടിൽ നിന്നും ഉത്‌ഭവിക്കുന്ന അച്ചൻകോവിലാറും, ഇരട്ടകല്ലാർ പ്രദേശത്തെ രണ്ടാറ്റും മൂഴിയിൽ നിന്നും ഉത്ഭവിക്കുന്ന കല്ലാറും ഒഴുകുന്നത് ഭൂരിഭാഗവും വനമേഖലകളിലൂടെയാണ്. കോന്നി കൊട്ടാരത്തിൽക്കടവ് മുതലുള്ള കുടിവെള്ള പദ്ധതികളിൽ അച്ചൻ കോവിലാറ്റിലെ ജലമാണ് ഉപയോഗിക്കുന്നത്. നദീ തീരത്തെ ഒട്ടുമിക്ക കിണറുകളും വറ്റിവരണ്ടു. മഴ മാറി ആഴ്ചകൾ പിന്നിട്ടതോടെ ജലസ്രോതസുകളിൽ നീരൊഴുക്ക് കുറഞ്ഞു. കല്ലാറിന്റെ ഒട്ടു മിക്കപ്രദേശങ്ങളും കൽപ്പരപ്പുകളായി മാറി. വരും ദിവസങ്ങളിൽ വെളളം തേടി അലയേണ്ടി വരുമെന്ന സ്ഥിതിയാണ് പലപ്രദേശങ്ങളിലുമുള്ളത്. കിണറുകളും കുളങ്ങളും വറ്റി തുടങ്ങിയതോടെ ആഴ്ചകളായി മലയോരമേഖലകളിലെ പല പ്രദേശങ്ങളിലും ജലക്ഷാമം അനുഭവപ്പെടുകയാണ്. വാഹനങ്ങളിൽ വെള്ളം എത്തിച്ചു ഉപയോഗിക്കുന്നവരും ഇവിടെ കുറവല്ല. ജലവൈദ്യുത പദ്ധതികളുടെ പൈപ്പ് ലൈനുകൾ എത്താത്ത പ്രദേശങ്ങളിലുള്ളവരാണ് കൂടുതൽ വലയുന്നത്. പൊട്ടിയ പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികൾ നടത്താത്തതും കുടിവെള്ള വിതരണത്തെ ബാധിക്കുന്നുണ്ട്.