 
ചെങ്ങന്നൂർ: റോഡു നിർമ്മാണത്തിന്റെ മറവിൽ പഞ്ചായത്തംഗം മണ്ണു മറിച്ചു വിറ്റതായി ബി.ജെ.പി. ചെറിയനാട് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ചെറിയനാട് പടനിലം ജംഗ്ഷൻകാവിൽപടി ക്ഷേത്ര റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നീക്കം ചെയ്ത മണ്ണ് സ്വകാര്യ വ്യക്തികൾക്ക് മറിച്ചു വിറ്റെന്നാണ് ആരോപണം. റോഡിന്റെ വശങ്ങളിലും പടനിലം ക്ഷേത്ര മൈതാനിയിലുമായിരുന്നു മണ്ണു ശേഖരിച്ചിരുന്നത്. ക്ഷേത്രത്തിലെ പുറപ്പാട് ഉത്സവത്തിനു മുൻപായി മണ്ണു നീക്കം ചെയ്യണമെന്ന് കരാറുകാരനോട് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ മറവിലാണ് മണ്ണു കടത്തിയതെന്നു പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, സെക്രട്ടറി ബിജു എന്നിവർ ആരോപിച്ചു. സർക്കാരിന് ഭീമമായ നഷ്ടമുണ്ടാക്കിയവർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നു ഭാരവാഹികൾ അറിയിച്ചു. മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, കളക്ടർ, പി.ഡബ്ല്യു.ഡി. എക്‌സിക്യൂട്ടീവ് എൻജിനീയർ എന്നിവർക്ക് പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി.