ചെങ്ങന്നൂർ: സർക്കാരിന്റെ ഭാഗത്തെ കെടുകാര്യസ്ഥതയും അനാസ്ഥയും മൂലം പുത്തൻകാവ് പാലത്തിന്റെ പണി പൂർത്തീകരിക്കുവാൻ വലിയ കാലതാമസമുണ്ടാക്കിയതായി ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആരോപിച്ചു. പാലം പണി കാലതാമസപ്പെടുത്തണമെന്ന ഭരണ നേതൃത്വത്തിന്റെ ദുരുദ്ദേശവും പിന്നിലുള്ളതായി സംശയിക്കുന്നു. പണിയുടെ പേരിൽ മാവേലിക്കര - കോഴഞ്ചേരി റോഡിലെ പുത്തൻകാവ് വഴിയുള്ള ഗതാഗതം നിരോധിച്ചിട്ട് ഒന്നേകാൽ വർഷത്തിലധികമായി. പാലം പണിക്ക് 3.36 കോടി രൂപ ചെലവാകുമെന്ന ബന്ധപ്പെട്ടവരുടെ വെളിപ്പെടുത്തൽ കളവാണ്. സർക്കാർ രേഖകൾ പ്രകാരം 3.36 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും 2.40 കോടി രൂപ മാത്രമാണ് കരാറുകാരൻ ചെലവഴിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങളിൽ വൻ അഴിമതിയുണ്ടെന്നും യോഗം ആരോപിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോർജ് തോമസ് അദ്ധ്യക്ഷനായി. എബി കുര്യാക്കോസ്, നളന്ദ ഗോപാലകൃഷ്ണൻ നായർ, സുനിൽ പി. ഉമ്മൻ പി.വി. ജോൺ, കെ. ദേവദാസ്, സുജ ജോൺ, ആർ. ബിജു, ശശി എസ്. പിള്ള എന്നിവർ പ്രസംഗിച്ചു.