പത്തനംതിട്ട: വിദേശ രാജ്യങ്ങളിൽ നിന്നും അവധിക്ക് നാട്ടിൽ എത്തിച്ചേരുന്ന പ്രവാസികൾക്ക് ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. രോഗം പിടിപെടുന്ന പ്രവാസികൾ, പ്രായമായ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ മറ്റ് പൊതു ജനങ്ങൾ എന്നിവർക്ക് ചികിത്സക്ക് മതിയായ യാതൊരു സൗകര്യങ്ങളുമില്ല. വിദേശ രാജ്യങ്ങളിൽ കൊവിഡ് മൂലം മരണമടഞ്ഞ പ്രവാസികളെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇതു മൂലമുള്ള മരണപ്പട്ടികയിൽ ഉൾപ്പെടുത്തി നിരാലംബരായ കുടുംബാംഗങ്ങൾക്ക് ആവശ്യമായ ധന സഹായം ലഭ്യമാക്കണം. തൊഴിൽ നഷ്ട്ടപ്പെട്ട് ആയിരക്കണക്കിന് പ്രവാസികൾ നാട്ടിൽ തിരികെ എത്തിയിരിക്കുകയാണെന്നും ഇവർക്ക് പ്രത്യേക സാമ്പത്തിക സഹായം, തൊഴിൽ, പുന:രധിവാസ പദ്ധതികൾ എന്നിവ നടപ്പാക്കണം. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ പ്രവാസികളോടുള്ള അവഗണനക്കും ദ്രോഹ നടപടികൾക്കും എതിരെ കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ശക്തമായ സമര പരിപാടികൾക്ക് പ്രവാസി കോൺഗ്രസ് നേതൃത്വം നല്കുമെന്ന് സാമുവൽ കിഴക്കുപുറം അറിയിച്ചു.