മല്ലപ്പള്ളി: തുടർച്ചയായ പ്രളയങ്ങൾ ഏറ്റുവാങ്ങിയ മണിമലയാറിന്റെ ഇന്നത്തെ അവസ്ഥ വിശദമായി പഠിക്കാൻ കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സ്‌ ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് തയാറാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മനോജ് പി.സാമുവേൽ പറഞ്ഞു. ജില്ലാ എജ്യു.ഫെസ്റ്റ് ഭാഗമായി നടന്ന പരിസ്ഥിതി സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. 120 ദിവസം കൊണ്ട് പെയ്യേണ്ട മഴ അതിൽ വളരെ കുറഞ്ഞ സമയത്തിൽ ലഭിച്ചതാണ് അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് കാരണം. ഭാവിയിൽ ഇതേ ദുരിതാവസ്ഥ വരാതിരിക്കാനും സുരക്ഷിതത്വം ഒരുക്കാനും പുഴയുടെ വൃഷ്ടി പ്രദേശം മുതൽ കടലിലെത്തുന്നത് വരെയുള്ള ഭാഗത്തെ സ്ഥിതി ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ട്. പഠനശേഷം ആവശ്യമെങ്കിൽ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പരിഹാരവും ചെയ്യാനാകും. കാലാവസ്ഥാ മാറ്റം വീട്ടുപടിക്കലെത്തിയെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ.ആർ.ജയശ്രീ, ബിജു നൈനാൻ മരുതുകുന്നേൽ, ബിജു വി. ജേക്കബ്, റെജി നെല്ലിക്കാപ്പള്ളി, ഇ.എസ്.ചന്ദ്രമോഹൻ, ജോർജ് വർഗീസ്, സുരേഷ് കുമാർ തൈപ്പറമ്പിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ക്ഷേത്രപ്രവേശന വിളംബര സ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്‌കാരിക സമിതി, ത്രിതല പഞ്ചായത്തുകൾ, മല്ലപ്പള്ളി പ്രസ് ക്ളബ് എന്നിവ ചേർന്നാണ് പരിപാടി ഒരുക്കിയത്.