cc-

പ്രമാടം : കൊവിഡ് രോഗികളുടെ എണ്ണം അനുദിനം കുതിച്ചുയരുന്നത് പ്രമാടം ഗ്രാമത്തെ ആശങ്കയുടെ മുൾമുനയിലാക്കുന്നു. അതിവ്യാപന ശേഷിയുള്ള ഡെൽ​റ്റ വകഭേദമാണ് പ്രമാടത്തെ ആശങ്ക വർദ്ധിപ്പിക്കുന്നത്. മുതിർന്നവർക്ക് പിന്നാലെ കുട്ടികളിലും വൈറസ് ബാധ വ്യാപകമായിരിക്കുകയാണ്. പഞ്ചായത്തിലെ പത്തിൽ ആറ് വീടുകളിലും കൊവിഡ് രോഗികൾ ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. രോഗബാധിതർ വീടുകളിൽത്തന്നെ കഴിയുന്നത് വ്യാപനത്തിന്റെ തീവ്രത വർദ്ധിപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് പുറത്തുവിടുന്ന ഔദ്യോഗിക കണക്കുകളേക്കാൾ അഞ്ചിരട്ടിയാണ് പ്രതിദിന രോഗികളുടെ എണ്ണം. ഒരു വീട്ടിൽ ഒരാൾക്ക് മാത്രമാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. ഈ കണക്ക് മാത്രമാണ് പുറത്തുവരുന്നത്.

ഹോം ഐസൊലേഷൻ ലംഘനം വ്യാപകമാകുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് കർശന നിർദ്ദേശങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ബാത്ത് അ​റ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയിൽ വേണം ഇവർ കഴിയേണ്ടത്. വീട്ടിൽ സന്ദർശകരെ പൂർണമായും ഒഴിവാക്കണം. ഹോം ഐസൊലേഷനിൽ കഴിയുന്നവർ മുറിക്ക് പുറത്തിറങ്ങാൻ പാടില്ല. വീട്ടിലുള്ള എല്ലാവരും ഡബിൾ മാസ്‌ക് ധരിക്കണം. ആഹാര സാധനങ്ങൾ, ടി.വി റിമോട്ട്, ഫോൺ തുടങ്ങിയവ പങ്കുവെക്കാൻ പാടില്ല. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും അവർ തന്നെ കഴുകണം തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ

ഡി.സി.സി തുടങ്ങിയില്ല

കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നിട്ടും ഡി.സി.സിയുടെ (ഡൊമിസിലിയറി കെയർ സെന്റർ)

പ്രവർത്തനം പുന:രാരംഭിക്കാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല. ഒന്നുംരണ്ടും ഘട്ടങ്ങളിൽ മുന്നൂറ് കിടക്കകളോടുകൂടിയ ഡി.സി.സി പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ

സജ്ജമാക്കിയിരുന്നു. രോഗികൾക്ക് ആവശ്യമായ മരുന്നും ഭക്ഷണവുമെല്ലാം ഇവിടെ ലഭ്യമായിരുന്നു. എന്നാൽ ഇത്തവണ ഇത് സംബന്ധിച്ച് യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. സുരക്ഷിതമായി വീടുകളിൽ കഴിയാൻ സാഹചര്യമില്ലാത്തവരെയാണ് ഇവിടെ പാർപ്പിച്ചിരുന്നത്. ഡി.സി.സി ഇല്ലാത്തതിനാൽ രോഗബാധിതർ വീടുകളിൽത്തന്നെ കഴിയേണ്ട സാഹചര്യമാണുള്ളത്.