
പത്തനംതിട്ട : ജില്ലയിലെ ക്ഷീര കർഷകരുടെ സംരക്ഷണം, പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തി ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.42 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. വിവിധ ഗ്രാമപഞ്ചായത്തുകൾ മുഖേന ക്ഷീരകർഷകർക്ക് പാലിന് സബ്‌സിഡി ഇനത്തിൽ 1.10 കോടി രൂപയും, തിരഞ്ഞെടുക്കപ്പെട്ട 16 ക്ഷീര സഹകരണസംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് ഇനത്തിൽ 32 ലക്ഷം രൂപയും നൽകുന്ന പദ്ധതികളാണ് തുടങ്ങിയത്.
ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു.
ഓമല്ലൂർ ഗ്രാമപഞ്ചായത്തിലെ ഐമാലി, കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോഴഞ്ചേരി ഈസ്റ്റ്, ചെറുകോൽ ഗ്രാമപഞ്ചായത്തിലെ കീക്കൊഴൂർ എന്നീ ക്ഷീരോൽപാദക സഹകരണസംഘ പ്രതിനിധികൾക്ക് ആനുകൂല്യം നൽകിയായിരുന്നു ഉദ്ഘാടനം. ജില്ലയിലെ 70 ക്ഷീരസംഘം പ്രതിനിധികൾ ഓൺലൈനായി നടന്ന ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന പ്രഭ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആർ. അജയകുമാർ, ജിജി മാത്യൂ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോർജ് ഏബ്രാഹാം, സി. കൃഷ്ണകുമാർ, സാറാ തോമസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആർ. മുരളീധരൻ നായർ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. സിന്ധു, അസി. ഡയറക്ടർ പി. അനിത എന്നിവർ പങ്കെടുത്തു.
പദ്ധതി ഇങ്ങനെ
# ക്ഷീരകർഷക സംഘത്തിൽ പാൽ അളക്കുന്ന ക്ഷീരകർഷകർക്ക് പാലിന്റെ തോത് അനുസരിച്ച് നൽകുന്ന സബ്‌സിഡി തുക കർഷകരുടെ അക്കൗണ്ടുകളിൽ നേരിട്ട് ലഭ്യമാക്കും.
# ഒരു ക്ഷീരകർഷകന് പരമാവധി 40,000 രൂപയാണ് പാലിന് സബ്‌സിഡി ലഭിക്കുക. റിവോൾവിംഗ് ഫണ്ട് ഇനത്തിൽ കറവപ്പശുവിനെ വാങ്ങുന്ന ഓരോ കർഷകനും 40,000 രൂപയാണ് ലഭിക്കുക. പശുവിനെ വാങ്ങി ഇൻഷ്വർ ചെയ്തതിനു ശേഷമാണ് തുക നൽകുന്നത്. ജില്ലാപഞ്ചായത്തിന്റെ 16 ഡിവിഷനുകളിലെയും തിരഞ്ഞെടുക്കപ്പെട്ട ഒരോ ക്ഷീര സഹകരണസംഘത്തിനും രണ്ട് ലക്ഷം രൂപ വീതമാണ് വിതരണം ചെയ്യുന്നത്.
സംസ്ഥാനത്തെ ക്ഷീരമേഖലയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന വിധത്തിൽ സർക്കാർ പല നടപടികളും സ്വീകരിച്ചുവരികയാണ്. ജില്ലാ പഞ്ചായത്ത് ഇതിന് കൈത്താങ്ങായി പ്രവർത്തിക്കുകയാണ്.
ഒാമല്ലൂർ ശങ്കരൻ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്