st
s

പത്തനംതിട്ട : കൊടുമണ്ണിൽ സി.പി.ഐ നേതാക്കളെ സി.പി.എമ്മുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ അറസ്റ്റു ചെയ്യണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.
കഴിഞ്ഞ 16ന് കൊടുമൺ അങ്ങാടിക്കൽ തെക്ക് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ നേതാക്കളെ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ തന്നെയാണ് പുറത്തുവിട്ടത്.
സി.പി.ഐ അങ്ങാടിക്കൽ ലോക്കൽ സെക്രട്ടറി സുരേഷ് ബാബു,​ മണ്ഡലം സെക്രട്ടേറിയറ്റംഗം എൻ.കെ ഉദയകുമാർ എന്നിവരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. കഴിഞ്ഞ 16ന് നടന്ന അങ്ങാടിക്കൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷങ്ങളാണ് മർദ്ദനത്തിലും പൊലീസിനെ ആക്രമിക്കുന്നതിലും കലാശിച്ചത്. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുകളിൽ സീറ്റ് നൽകാത്തതും സി.പി.എം, സി.പി.എം ബന്ധം കൂടുതൽ വഷളാക്കിയിരുന്നു. ഒറ്റയ്ക്കു മത്സരിച്ച സി.പി.ഐ മുന്നൂറിൽപരം വോട്ടുകൾ നേടുകയും ചെയ്തു. ബാങ്കിൽ ജയിച്ച സി.പി.എം സ്ഥാനാർത്ഥികളിൽ പലരും ശരാശരി 400 വോട്ടുകളാണ് നേടിയത്. കള്ളവോട്ടിലാണ് ഇവർ വിജയിച്ചതെന്ന് സി.പി.ഐ ആരോപിക്കുന്നു.

പത്തനംതിട്ട ജില്ലയിൽ സമീപകാലത്ത് എൽ.ഡി.എഫിനുണ്ടായ രാഷ്ട്രീയ നേട്ടം സി.പി.എമ്മിന്റെ മാത്രം മേന്മകൊണ്ടുണ്ടായതല്ലെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ പറഞ്ഞു. സിപിഐ പ്രവർത്തകരുടെ വീട് ആക്രമിച്ചതും പെൺകുട്ടികളോടടക്കം അപഹാസ്യമായി പെരുമാറിയതും നീതികരിക്കാനാകാത്ത തെറ്റാണ്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

30നു നടക്കുന്ന കൊടുമൺ സർവീസ് സഹകരണ ബാങ്കിന്റെ തിരഞ്ഞെടുപ്പിലും സി.പി.എം പാനലിനെതിരെ സി.പി.ഐ മത്സരിക്കുന്നുണ്ട്.

ബാലാവകാശ കമ്മിഷനിലും പരാതി

കൊടുമൺ അങ്ങാടിക്കലിലെ സംഘർഷത്തെ തുടർന്ന് സി.പി.ഐ നേതാക്കളുടെയും പ്രവർത്തകരുടെയും വീട് ആക്രമിച്ച സംഭവത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ബാലാവകാശ കമ്മിഷനും പരാതി. ഈ സംഭവത്തിൽ പൊലീസ് പ്രത്യേക കേസെടുത്ത് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനു തയാറാകാതെ വന്നതോടെയാണ് ബാലാവകാശ കമ്മിഷനെ സമീപിച്ചിരിക്കുന്നത്.


പൊലീസുകാരനെതിരെയും സൈബർ ആക്രമണം

സംഘർഷത്തിനിടെ സി.പി.എമ്മുകാരെ മർദ്ദിച്ചെന്നാരോപിച്ച് കൊടുമൺ പൊലീസ് സ്റ്റേഷനിലെ ഒരു സിവിൽ പൊലീസ് ഓഫീസറുടെ ചിത്രം സഹിതം സി.പി.എം സൈബർ ആക്രമണമെന്ന് പരാതി. ചുവന്ന അങ്ങാടിക്കൽ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലാണ് സിവിൽ പൊലീസ് ഓഫീസർ ഇ.എസ്. ഷൈമോന്റെ ചിത്രം സഹിതം പ്രകോപനപരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പൊലീസുകാരനെ കൈകാര്യം ചെയ്യണമെന്ന ആഹ്വാനമാണ് ഇതിലുള്ളത്. പൊലീസുകാരൻ ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെ ഇദ്ദേഹം അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.പൊലീസുകാർക്കും പരിക്കേറ്റിരുന്നു. പൊലീസിനെ ആക്രമിച്ചത് സി.പി.ഐക്കാരാണെന്നാണ് സി.പി.എം ആരോപണം. കല്ലേറിലാണ് ഇവർക്കു പരിക്കേറ്റത്. പൊലീസിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സി.പി.ഐ പ്രവർത്തകർക്കെതിരെ കേസുണ്ട്.