daily
കളക്ടറേറ്റിന് മുമ്പിൽ നടപ്പാത കയ്യേറി ബാരിക്കേഡുകൾ

പത്തനംതിട്ട : കളക്ടറേറ്റിന് മുൻപിലെ നടപ്പാത കൈയേറി ബാരിക്കേഡുകൾ. ഇതുകാരണം നടപ്പാതയിൽ ആളുകൾക്ക് വഴിനടക്കാൻ കഴിയാത്ത സ്ഥിതിയാണ്. റോഡിലിറങ്ങിയാണ് ജനങ്ങൾ നടന്നുപോകുന്നത്. ബാരിക്കേഡുകൾ ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി . മിക്ക ദിവസങ്ങളിലും സമരങ്ങൾ നടക്കുന്ന സ്ഥലമായതിനാലാണ് ബാരിക്കേഡുകൾ എടുത്തുമാറ്റാത്തതെന്ന് അധികൃതർ പറയുന്നു. നടപ്പാതയിൽ ഇരുചക്ര വാഹനങ്ങൾ നിറുത്തിയാൽ പൊലീസ് കേസെടുക്കുന്ന സ്ഥലം കൂടിയാണിത്.

നാല് ബാരിക്കേഡുകളാണ് നടപ്പാതയിൽ നിരത്തിവച്ചിരിക്കുന്നത്. ബാരിക്കേഡിലെ കമ്പിയിൽ വസ്ത്രവും കുടയും കുരുങ്ങി ആളുകൾ അപകടത്തിൽപ്പെട്ട സംഭവവുമുണ്ട്. കളക്ടറേറ്റിൽ നിന്ന് എത്തുന്ന ജോലിക്കാർ, വിവിധ ആവശ്യങ്ങൾക്കായി കളക്ടറേറ്റിലും സിവിൽ സപ്ലൈസ്, ക്ഷേമനിധി ഓഫീസിലും എത്തുന്നവർ,​ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തുന്ന രോഗികൾ തുടങ്ങിയവർ യാത്ര ചെയ്യുന്ന സ്ഥലമാണിത്.

ബാരിക്കേഡ് കാരണം റോഡിലിറങ്ങി നടക്കുന്നതിനാൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ചില വാഹനങ്ങൾ അപകടത്തിലുംപെടാറുണ്ട്. ചെറിയ വളവ് കൂടിയാണ് ഈ ഭാഗം.

മുമ്പ് സമരങ്ങൾ നടക്കുമ്പോഴായിരുന്നു ബാരിക്കേഡുകൾ എത്തിച്ചിരുന്നത്. കളക്ടറേറ്റ് വളപ്പിനകത്ത് കുറച്ചുനാൾ ബാരിക്കേഡുകൾ വച്ചിരുന്നു. പിന്നീടാണ് കളക്ടറേറ്റിന്റെ പ്രവേശന കവാടത്തിനരികിലേക്ക് മാറ്റിയത്.