1
കോൺക്രീറ്റ് ഇളകി കമ്പി തെളിഞ്ഞ നിലയിൽ കൊറ്റൻകുടി പാലം

മല്ലപ്പള്ളി : എഴുമറ്റൂർ - മല്ലപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൂവനാൽക്കടവ്- ചെറുകോൽപ്പുഴ റോഡിലെ കൊറ്റൻകുടി പാലം അപകടത്തിൽ. 70വർഷത്തിന് മേൽ കാലപ്പഴക്കമുള്ള പാലത്തിന്റെ തോടിന് മുകൾതട്ടിലെ കോൺക്രീറ്റ് ഇളകി തോട്ടിൽ വീണ നിലയിലാണ്. 40ശതമാനത്തോളം ഇളകി വീണതിനാൽ ഒരുഭാഗത്തെ കമ്പികൾ പൂർണമായും പുറത്ത് കാണാം. ഇത് തുരുമ്പിച്ച് ജീർണാവസ്ഥയിലാണ്. മറുഭാഗത്തെ കമ്പികൾ പുറത്തേക്ക് തൂങ്ങിയ നിലയിലാണ്. അഞ്ച് മീറ്റർ നീളവും 9 മീറ്റർ വീതിയുമുള്ള പാലം 12 മീറ്റർ ഉയരത്തിൽ ഇരുകരകളിലും കരിങ്കൽ ഭിത്തിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ഭിത്തിബലപ്പെടുത്തുവാൻ ഉപയോഗിച്ചിരിക്കുന്ന സിമന്റ് മിശ്രീതം പല ഭാഗങ്ങളിലും ഇളകി വീണിട്ടുണ്ട്. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. അമിതഭാരവുമായി എത്തുന്ന വാഹനങ്ങളാണ് ഏറെയും. അടിയന്തരമായി പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന യാത്രക്കാരുടേയും നാട്ടുകാരുടെ ആവശ്യം ശക്തമാണ്.

.........................

-എഴുമറ്റൂർ - മല്ലപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം

-70 വർഷത്തെ പഴക്കം

-40% ഇളകി

.........................

വലിയ ദുരന്തം ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. അധികൃതർ ഇടപെട്ട് പാലത്തിന്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിശോധിക്കേണ്ടതാണ്. നിരവധി വാഹനങ്ങൾ പോകുന്ന പാലത്തിന്റെ അപകടാവസ്ഥ കണ്ടില്ലെന്ന് നടിക്കരുത്.

രാധാകൃഷ്ണൻ

(പ്രദേശവാസി)​

...........................