
പത്തനംതിട്ട : കൊവിഡ് വ്യാപനം ഏറിയതോടെ ജില്ലയിൽ മാസ്കിന് വൻഡിമാൻഡ് ആണ്. ത്രീലെയർ സർജിക്കൽ മാസ്ക് ആണ് കൂടുതൽ ആളുകളും ഉപയോഗിക്കുന്നത്. തുണി മാസ്കുകളും വിറ്റഴിയുന്നുണ്ട്. എൻ 95 മാസ്കുകൾ വിൽക്കുന്നുണ്ടെങ്കിലും സർജിക്കൽ മാസ്കുകളെ അപേക്ഷിച്ച് കുറവാണ്. സർജിക്കൽ മാസ്കിന് 5രൂപ വില മാത്രമേയുള്ളുവെന്നതിനാലാണ് ഇത്രയധികം വിറ്റഴിയുന്നതെന്ന് വ്യാപാരികൾ പറയുന്നു. എൻ 95 മാസ്കിന് 25 രൂപയാണ് വില. തുണി മാസ്കിന് മുപ്പതും അറുപതും ഒക്കെയാണ് ഈടാക്കുന്നത്. തുണി മാസ്കിന് പലപ്പോഴും 30 മുതൽ 70 രൂപ വരെ ഈടാക്കുന്നുണ്ട്.
മരുന്നുകൾ വേഗത്തിൽ വിറ്റഴിയുന്നു
ജില്ലയിൽ പാരസെറ്റാമോൾ ഡോളോ മരുന്ന് ലഭിക്കുന്നില്ല. നഗരത്തിലെ മിക്ക മെഡിക്കൽ സ്റ്രോറുകളിലും ഡോളോ നിലവിൽ സ്റ്റോക്കില്ലാത്ത സ്ഥിതിയാണ്. പനിയോ ജലദോഷമോ എന്ത് വന്നാലും ജനങ്ങൾ മെഡിക്കൽ സ്റ്റോറിലേക്കെത്തി മരുന്നുവാങ്ങുകയാണ് പതിവ്. കൊവിഡും വൈറൽ പനികളും ജില്ലയിൽ വലിയ രീതിയിൽ വ്യാപിക്കുന്നുണ്ട്. ഇതിൽ ആർക്കൊക്കെ പോസിറ്റീവാണെന്ന് പരിശോധന നടത്തിയാൽ മാത്രമേ അറിയു. എന്നാൽ ഭൂരിഭാഗവും മെഡിക്കൽ സ്റ്റോറുകളെ സമീപിച്ച് മരുന്ന് വാങ്ങി മടങ്ങുകയാണ്. ചുമയ്ക്കുള്ള കഫ് സിറപ്പും ഇതേ രീതിയിൽ ചെലവാകുന്ന മറ്റൊരു മരുന്നാണ്. നാലും അഞ്ചും സ്ട്രിപ്പ് വാങ്ങി പോകുകയാണ് പലരും.
"ഡോളോയ്ക്ക് ആവശ്യക്കാർ ഏറെയാണ്. പാരസെറ്റാമോൾ 500 നേക്കാൾ ഡോളോ
ആണ് കൂടുതലും വിറ്റഴിയുന്നത്. "
മെഡിക്കൽ സ്റ്റോർ വ്യാപാരി
സാനിറ്റൈസർ വാങ്ങുന്നത് കുറവ്
മാസ്ക് ചെലവാകുന്ന അത്രത്തോളം സാനിറ്റൈസർ വിറ്റഴിയുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. പത്ത് രൂപമുതൽ വിലയുള്ള സാനിറ്റൈസർ വിപണിയിൽ ലഭ്യമാണ്. വിവിധ മണത്തിലും നിറത്തിലും ലിക്വിഡും അല്ലാത്തതുമായ സാനിറ്റൈസർ വിപണിയിലുണ്ട്.