thiruvalal

തിരുവല്ല : എം.സി റോഡിന് സമാന്തരമായി നഗരത്തിന്റെ ഉൾപ്രദേശങ്ങളെ ബന്ധിപ്പിച്ച് ഉന്നതനിലവാരത്തിൽ നിർമ്മിക്കുന്ന തിരുവല്ല ഔട്ടർ റിംഗ് റോഡ് അന്തിമഘട്ടത്തിലെത്തി. കുറ്റൂർ - മനയ്ക്കച്ചിറ - കിഴക്കൻമുത്തൂർ - മുത്തൂർ വരെയുള്ള റിംഗ് റോഡ് പദ്ധതിയുടെ അവസാനഭാഗമായ മുത്തൂർ - കിഴക്കൻ മുത്തൂർ റോഡിൽ ബി.എം ടാറിംഗ് ജോലികൾ ഇന്നലെ തുടങ്ങി. രണ്ടാഴ്ചയ്ക്കുള്ളിൽ ബി.സി ടാറിംഗും പൂർത്തിയാക്കും. 2019ൽ കുറ്റൂരിൽ നിന്ന് സ്ഥലം ഏറ്റെടുത്ത് റോഡിന്റെ വീതികൂട്ടി നിർമ്മാണം തുടങ്ങിയ പദ്ധതിയാണ് പ്രതിസന്ധികളെ അതിജീവിച്ച് 12.5 കിലോമീറ്റർ ദൂരത്തിൽ പൂർത്തിയാകുന്നത്. ടി.കെ.റോഡ്, മല്ലപ്പളളി റോഡ് എന്നീ റോഡുകളുമായി ബന്ധിച്ചാണ് റിംഗ് റോഡ് കടന്നുപോകുന്നത്. കൊവിഡും വെള്ളപ്പൊക്കവും വൈദ്യുതി പോസ്റ്റുകൾ മാറ്റിയിടിലും പണികൾ വൈകിപ്പിച്ചു. ഇതുമൂലം പ്രദേശവാസികൾക്ക് യാത്രാബുദ്ധിമുട്ടുകൾ ഏറെയായിരുന്നു. അവസാനഭാഗത്തെ മൂന്നര കിലോമീറ്റർ ദൂരത്തിൽ 5.5 മീറ്റർ വീതിയിലാണ് ടാറിംഗ് ചെയുന്നത്. 28 കോടിയോളം രൂപ ചെലവഴിച്ച് പാലാത്ര കൺസ്ട്രക്ഷൻസാണ് റോഡ് പുനർനിർമ്മിക്കുന്നത്.

സ്ഥലം വിട്ടുനൽകാൻ എട്ടുപേർമാത്രം

കുറ്റൂർ മുതൽ മുത്തൂർ വരെയുള്ള റിംഗ് റോഡ് നിർമ്മാണത്തിന് അഞ്ഞൂറിലധികം കുടുംബങ്ങൾ സ്വമേധയാ റോഡ് വികസനത്തിനായി സ്ഥലം സൗജന്യമായി വിട്ടുനൽകി മാതൃകയായി. പൊതുമേഖലാ സ്ഥാപനമായ ചുമത്ര കേബിൾ ഫാക്ടറിയുടെ 10സെന്റ് സ്ഥലവും വിട്ടുനൽകിയിരുന്നു. മൂന്ന് സെന്റ് മാത്രമുള്ള കുടുംബങ്ങൾ പോലും സ്ഥലം വിട്ടുനൽകാൻ സന്നദ്ധമായി. ചിലർ വീടും പൊളിച്ചുനൽകി. കിഴക്കൻമുത്തൂരിലെ എട്ട് വീട്ടുകാർ ഇപ്പോഴും സ്ഥലം വിട്ടുനൽകാൻ സന്നദ്ധരായിട്ടില്ല. ടാറിംഗിനുളള വീതി ഇവിടെ ഉണ്ടെങ്കിലും അനുബന്ധ കാര്യങ്ങൾക്ക് വീതി തീരെക്കുറവാണ്. ഇവരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.

പാരയാകും പൈപ്പുകൾ

കുറ്റൂർ മുതൽ മുത്തൂർ വരെയുളള റോഡ് നിർമ്മാണം അവസാനിക്കാറായെങ്കിലും കുടിവെള്ള പൈപ്പുകൾ മാറ്റിയിടുന്ന ജോലികൾ നടന്നിട്ടില്ല. രണ്ടുകോടിയോളം രൂപയുടെ എസ്റ്റിമേറ്റ് പൈപ്പ് മാറ്റുന്നതിനായി ജല അതോറിറ്റി കിഫ്ബിയിൽ രണ്ടുവട്ടം സമർപ്പിച്ചെങ്കിലും ഭാരിച്ചതുക കാരണം എസ്റ്റിമേറ്റ് അംഗീകരിച്ചില്ലെന്നാണ് വിവരം. ഇതുകാരണം നിർമ്മാണം പൂർത്തിയായ ഭാഗങ്ങളിൽ പലവട്ടം പൈപ്പുപൊട്ടലുണ്ടായി. റോഡിന്റെ നടുവിലൂടെയാണ് പഴയ പൈപ്പുലൈൻ പോകുന്നത്. പൈപ്പുപൊട്ടൽ കിഴക്കൻമുത്തൂർ റോഡിലും ഉണ്ടാകാനാണ് സാദ്ധ്യത.

നിർമ്മാണച്ചെലവ് 28 കോടി, റിംഗ് റോഡിന്റെ നീളം 12.5 കിലോമീറ്റർ,

മുത്തൂർ - കിഴക്കൻമുത്തൂർ റോഡിൽ ടാറിംഗ് തുടങ്ങി