പള്ളിക്കൽ : പന്ത്രണ്ട് വർഷം പിന്നിട്ടിട്ടും ആറാട്ടുചിറ കുടിവെള്ള പദ്ധതിയിൽ നിന്ന് ഒരുതുള്ളി വെള്ളം പ്രദേശവാസികൾക്ക് ലഭിച്ചിട്ടില്ല. പള്ളിക്കൽ പഞ്ചായത്തിലെ ഒന്നാംവാർഡിലാണ് പ്രവർത്തന സജ്ജമായ കുടിവെള്ളപദ്ധതിയിൽ കിണറും മോട്ടോർപുരയും ടാങ്കും എല്ലാം നോക്കുക്കുത്തിയായിരിക്കുന്നത്. പള്ളിക്കൽ 1, 2, 23, വാർഡുകളിലെ ജനങ്ങൾക്ക് പ്രയോജനകരമായ പദ്ധതിയാണിത്. രണ്ടാംവാർഡിലെ കുറച്ച് ഭാഗത്ത് പൈപ്പ് ഇടീൽ പൂർത്തിയാകാനുണ്ട്. ഇൗ കാരണം പറഞ്ഞാണ് പദ്ധതി കമ്മിഷൻ ചെയ്യാതെ നീണ്ടു പോകുന്നത്. രണ്ടാംവാർഡിൽ ശേഷിക്കുന്ന ഭാഗത്ത് പൈപ്പ് ഇടാൻ ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ മുൻകൈയെടുത്ത് 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ഒന്നും ഇരുപത്തിമൂന്നും വാർഡുകളിലെ വീടുകളിലേക്ക് കണക്ഷൻ കൊടുക്കത്തക്കതരത്തിൽ പണികൾ പൂർത്തിയായിട്ട് വർഷങ്ങളായി. രണ്ടാംവാർഡിലെ പണികൾ തീർന്നിട്ട് കമ്മിഷൻ ചെയ്യുമെന്നാണ് പഞ്ചായത്തധികൃതർ നേരത്തെ അറിയിച്ചത്. എന്നാൽ കുടിവെള്ളക്ഷാമം ഏറെ അനുഭവപ്പെടുന്ന 1, 23 വാർഡുകളിലേക്കായി പദ്ധതി കമ്മിഷൻ ചെയ്യണമെന്നാണ് പ്രധാന ആവശ്യം. കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷമായ പള്ളിക്കലിൽ ഒരു ഡസനിലധികം കുടിവെള്ള പദ്ധതികളുണ്ട്. ഒരു പദ്ധതി പോലും പ്രവർത്തിക്കുന്നില്ല. രാജീവ് ഗാന്ധി കുടിവെള്ള പദ്ധതികളാണ് എല്ലാം. പദ്ധതിയുടെ ഉദ്ഘാടനത്തിന് ശേഷം നടത്തിപ്പ് ഗുണഭോക്താക്കളടങ്ങുന്ന കമ്മിറ്റിക്കാണ്. ഓപ്പറേറ്റർക്ക് ശമ്പളം, വൈദ്യുതിചാർജ് എന്നിവ നൽകേണ്ടത് ഗുണഭോക്തൃ കമ്മറ്റിയാണ് .
പഴകുളം മുതൽ വെള്ളച്ചിറ വരെയുള്ള റോഡ് പണിക്കിടെ 4 വർഷം മുൻപ് പൈപ്പ് പൊട്ടിയിരുന്നു. എന്നാൽ ഇതുവര ശരിയാക്കിയതുമില്ല. കുടിവെള്ളവുമില്ല. ഈ സാഹചര്യത്തിൽ
ആറാട്ടുചിറ കുടിവെള്ളപദ്ധതി പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.