daily
മകൻ അഥർവിനോടൊത്ത് ആർ.ആർ ശരത്

പത്തനംതിട്ട : പത്തനംതിട്ട ഫയർ ആൻഡ് റസ്ക്യൂ ഓഫീസറായിരുന്ന ആർ.ആർ .ശരത്തിന് രാഷ്ട്രപതിയുടെ സർവോത്തം ജീവൻ രക്ഷാപതക് മരണാനന്തര ബഹുമതിയായി ലഭിച്ചു. പമ്പാനദിയിൽ വീണയാളെ കണ്ടെത്തുന്നതിനുള്ള തെരച്ചിലിനിടെ റബർ ഡിങ്കി മറിഞ്ഞാണ് ശരത് മുങ്ങിമരിച്ചത്. 2020 ഒക്ടോബർ 22ന് പെരുനാട് മാടമൺ ഭാഗത്ത് പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട ശിവൻ എന്ന ആൾക്കുവേണ്ടി നടത്തിയ തെരച്ചിലിനിടെയായിരുന്നു അപകടം. ചുഴിയിൽപ്പെട്ട് റബർ ഡിങ്കിയിൽ നിന്ന് വെള്ളത്തിൽ വീഴുകയായിരുന്നു. മുങ്ങിത്താണ ശരത്തിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2015ൽ നിയമനം ലഭിച്ചത് മുതൽ ശരത് പത്തനംതിട്ട യൂണിറ്റിലാണ്. വെള്ളത്തിൽ വീണ നിരവധി ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിൽ മുമ്പിലുണ്ടായിരുന്നു.

രണ്ട് സഹോദരിമാരുടെ വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് ഏറെ ബുദ്ധിമുട്ടിലായിരുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശരത്. പിതാവ് രാജേശ്വരൻ കൂലിപ്പണിക്കാരനാണ്. അമ്മ അങ്കണവാടി ജീവനക്കാരി രത്നകുമാരി. ഭാര്യ: അഖി. മകൻ : അഥർവ്.