kseb
മലയാലപ്പുഴ മുസലിയാർ എഞ്ചിനീയറിംഗ് കോളേജിലെ സൗരോർജ പ്ലാന്റ് കെ.യു. ജെനീഷ് കുമാർ എം.എൽ.എ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി : സൗരോർജ വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി കോന്നി നിയോജക മണ്ഡലത്തിലെ സർക്കാർ - അർദ്ധസർക്കാർ - സ്വകാര്യ സ്ഥാപനങ്ങളുടെയും വീടുകളുടെയും മേൽക്കൂര ഉപയോഗപ്പെടുത്തുന്ന നിലയിൽ കെ.എസ്.ഇ.ബി പദ്ധതികൾ നടപ്പിലാക്കുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പുരപ്പുറ സൗരോർജ ഉത്പാദന പദ്ധതിയായ സൗര ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മലയാലപ്പുഴ മുസലിയാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൂർണമായും കെ.എസ്.ഇ.ബി പണം മുടക്കിയാണ് മുസലിയാർ കോളേജിന്റെ മേൽക്കൂരയിൽ 30 കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ പദ്ധതി നടപ്പിലാക്കിയത്. 12.3 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. പ്രതിവർഷം 3.5 ലക്ഷം യൂണിറ്റിലധികം വൈദ്യുതി ഉല്പാദിപ്പിച്ച് ഗ്രിഡിലേക്ക് നൽകും. പത്ത് ശതമാനം വൈദ്യുതി സ്ഥാപനത്തിന് സൗജന്യമായി നൽകും. ടാറ്റാ പവറാണ് കരാറെടുത്ത് പദ്ധതി നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ, പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ആർ.ബിജുരാജ്, സൗര അസി.എൻജിനീയർ എസ്. ശ്രീനാഥ്, മുസലിയാർ കോളേജ് ഡയറക്ടർ ഹബീബ്, പ്രിൻസിപ്പൽ ഡോ. വിൽസൺ കോശി എന്നിവർ പങ്കെടുത്തു.