പത്തനംതിട്ട : അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങൾ സി.പി.ഐയിലെ ഒരുപറ്റം നേതാക്കൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് സി.പി.എം കൊടുമൺ ഏരിയ സെക്രട്ടറി എ.എൻ.സലീം പറഞ്ഞു. വോട്ടെടുപ്പ് കേന്ദ്രമായിരുന്ന അങ്ങാടിക്കൽ എസ്.എൻ.വി.എച്ച്.എസിൽ രാവിലെതന്നെ സംഘടിച്ചെത്തിയ സി.പി.ഐയുടെ ജില്ലാ, പ്രാദേശിക നേതാക്കളും പ്രവർത്തകരും മന:പൂർവം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തിയത്. സി.പി.ഐ പ്രവർത്തകനും ചന്ദനപ്പള്ളി ബാങ്ക് ജീവനക്കാരനുമായ ഹരികുമാർ വോട്ടെടുപ്പ് കേന്ദ്രത്തിൽ അനധികൃതമായി കടന്നുകയറി ഉദ്യോഗസ്ഥരോട് തട്ടിക്കയറി പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായിരുന്നെങ്കിൽ പത്രിക നൽകുന്നതിനു മുമ്പ് സി.പി.ഐക്ക് മണ്ഡലം , ജില്ലാ എൽ.ഡി.എഫ് കമ്മിറ്റികളുടെ സഹായത്തോടെ പരിഹാരം ഉണ്ടാക്കാമായിരുന്നു. ഒരു നീക്കവും സി.പി.ഐയുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല. കള്ള മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത കേസുകൾ സംബന്ധിച്ച് ശരിയായ അന്വേഷണം നടത്താൻ പൊലീസ് തയ്യാറാകണമെന്ന് എ.എൻ.സലീം ആവശ്യപ്പെട്ടു.