പള്ളിക്കൽ: പള്ളിക്കൽ പഞ്ചായത്ത് ലൈബ്രറിയുടെ പ്രവർത്തനം പേരിലൊതുങ്ങുന്നു.
പഞ്ചായത്ത് ശമ്പളം നൽകുന്ന സ്ഥിരം ലൈബ്രറേറിയനുണ്ട്. പുസ്തകങ്ങൾ ഉണ്ട്.പക്ഷേ പൊതുജനങ്ങൾക്ക് ഇങ്ങനൊരു ലൈബ്രറി ഉണ്ടെന്ന് പോലും അറിയില്ല എന്നതാണ് വാസ്തവം. പഞ്ചായത്ത് ഓഫീസിന് സമീപം കെട്ടിടം വാടകക്കെടുത്ത് ഇ.എം.എസ് സ്മാരക ലൈബ്രറി എന്ന് ബോർഡ് വെച്ചിട്ടുണ്ട്. ലൈബ്രറിയുണ്ടെന്ന് അറിയാത്തതു കൊണ്ട് തന്നെ പുസ്തകമെടുക്കാൻ ആരും വരാറില്ല. ലൈബ്രേറിയൻ രാവിലെ എത്തി ലൈബ്രറി കെട്ടിടത്തിന്റെ ജനൽ തുറന്നിടും. അതു കഴിഞ്ഞ് പഞ്ചായത്ത് ഓഫീസിലെത്തി അവിടുത്തെ മറ്റ് ജോലികൾ ചെയ്യുന്നെന്നാണ് ആരോപണം. കാലാകാലങ്ങളിൽ അധികാരത്തിൽ വരുന്ന പഞ്ചായത്ത് ഭരണ സമിതിക്ക് ലൈബ്രറി പ്രവർത്തനത്തിൽ യാതൊരു താൽപ്പര്യവുമില്ല. പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റുമാണ് ലൈബ്രറിയുടെയും സെക്രട്ടറിയും പ്രസിഡന്റും. പുസ്തകം എടുക്കാൻ വരുന്ന അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭരണ സമിതിയും ഉണ്ടാകേണ്ടതാണ്. ഇവിടെ ഇതൊന്നുമില്ല. സമീപ പഞ്ചായത്തുകളായ പന്തളം തെക്കേക്കര, തുമ്പമൺ, ഏഴംകുളം, കടമ്പനാട്, എന്നിവയെല്ലാം ലൈബ്രറി കൗൺസിൽ അംഗീകാരം നേടി പ്രവർത്തിക്കുമ്പോൾ ഇവിടെ അതിനെപ്പറ്റി ചിന്തിച്ചിട്ടുപോലും ഇല്ല.
ലൈബ്രറി മാറ്റി സ്ഥാപിക്കണം
പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് യഥേഷ്ടം പുസ്തകങ്ങൾ വാങ്ങി റഫറൻസ് ലൈബ്രറിയായി പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ്. ഇ.എം.എസിന്റെ നാമധേയത്തിൽ തുടങ്ങിയ ലൈബ്രറി പ്രവർത്തിക്കാത്തതു സംബന്ധിച്ച് കഴിഞ്ഞ സി.പി.എം - തെങ്ങമം ലോക്കൽ സമ്മേളനത്തിൽ ചർച്ചയാകുകയും ലൈബ്രറി തെങ്ങമത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് പ്രമേയം പാസാക്കി നൽകുകയും ചെയ്തിരുന്നു.
.....................
പഞ്ചായത്ത് ലൈബ്രറി പ്രവർത്തനരഹിതമാണ്. ലൈബ്രറിയുടെ പേരിൽ ലക്ഷങ്ങൾ ഓരോ വർഷവും പഞ്ചായത്തിന് നഷ്ടമാണ്.പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണം.
ജി.പ്രമോദ്
(ഗ്രാമ പഞ്ചായത്തംഗം)