minister
പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദി​നാഘോഷത്തി​ൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ദേശീയ പതാക ഉയർത്തുന്നു. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ എന്നിവർ സമീപം.

പത്തനംതിട്ട : ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങളെയും അവകാശങ്ങളെയും കവർന്നെടുക്കാനുള്ള നീക്കങ്ങളെ അംഗീകരിക്കാനാകില്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. 73ാമത് റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ജില്ലാസ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
ജാതിമത, ലിംഗഭേദമില്ലാതെ തുല്യനീതി ഉറപ്പാക്കുന്ന നമ്മുടെ ഭരണഘടനയെ ബഹുമാനിക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകത ഓർമിപ്പിച്ചുകൊണ്ട് ഓരോ റിപ്പബ്ലിക് ദിനവും കടന്നുപോകുമ്പോൾ നമ്മുടെ ഭരണഘടനാ ശിൽപ്പി ബാബാ സാഹിബ് അംബേദ്കർ പറഞ്ഞതുപോലെ നമുക്ക് ആദ്യവും അവസാനവും ഇന്ത്യക്കാരായിരിക്കാമെന്നും മന്ത്രി പറഞ്ഞു.
ജില്ലാകളക്ടർ ഡോ.ദിവ്യ എസ്. അയ്യരും ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജനും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, പത്തനംതിട്ട നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ, കൗൺസിലർമാരായ പി.കെ.അനീഷ്, എ.സുരേഷ് കുമാർ, കെ.ജാസിംകുട്ടി, എം.സി.ഷെരീഫ്, എൽ.സുമേഷ്, സ്‌പോർട്‌സ് കൗൺസിൽ ജില്ലാപ്രസിഡന്റ് കെ.അനിൽ കുമാർ, എ.ഡി.എം അലക്‌സ് പി. തോമസ്, കോഴഞ്ചേരി തഹസീൽദാർ കെ.ജയദീപ് എന്നിവർ പങ്കെടുത്തു.

കൊവിഡ് മാനദണ്ഡങ്ങൾ

പാലിച്ച് പരേഡ്


ജില്ലാസ്റ്റേഡിയത്തിൽ സെറിമോണിയൽ പരേഡ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു. ജില്ലാപൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജനും ജില്ലാകളക്ടർ ഡോ. ദിവ്യ എസ് അയ്യരും അഭിവാദ്യം സ്വീകരിച്ചു. മുഖ്യാതിഥിയായ മന്ത്രി ആന്റണിരാജു സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. ശേഷം മന്ത്രി ദേശീയപതാക ഉയർത്തി സല്യൂട്ട് ചെയ്തു. പ്രത്യേകം ക്രമീകരിച്ച വാഹനത്തിൽ പരേഡ് പരിശോധിച്ചു. റിപ്പബ്ലിക് ദിനാഘോഷ സന്ദേശം മന്ത്രി നൽകി. തുടർന്ന് ദേശീയഗാനത്തോടെ പരിപാടികൾ അവസാനിച്ചു.