icu

പത്തനംതിട്ട : സി കാറ്റഗറിയിൽ ഉൾപ്പെട്ട ജില്ലയിൽ കൊവിഡ് ഐ.സി.യു കിടക്കകളിൽ രോഗികൾ വർദ്ധിക്കുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐ.സി.യു വെന്റിലേറ്റർ അടക്കം എഴുപത് കിടക്കകളാണ് കൊവി‌‌ഡ് രോഗികൾക്കായുള്ളത്. ഇതിൽ നാൽപത് കിടക്കകളിൽ രോഗികളുണ്ട്.

കുട്ടികൾക്കും ഗർഭിണികൾക്കുമായി 11 മുറികളിലായി 25 കിടക്കകളും ജനറൽ ആശുപത്രിയിൽ ക്രമീകരിച്ചിട്ടുണ്ട്. ഇതിൽ 24 കിടക്കകളിലും ഇപ്പോൾ രോഗികളുണ്ട്.

ജില്ലയിൽ സി.എഫ്.എൽ.ടി.സികളിലും സി.എസ്.എൽ.ടി.സികളിലുമായി ആകെ 390 കിടക്കകളാണുള്ളത്. ഇതിൽ 125 കിടക്കകളിൽ രോഗികളുണ്ട്. നാല് കൊവിഡ് ആശുപത്രികളിലായി 125 കിടക്കകൾ ഉണ്ട്. ഇതിൽ 69 കിടക്കകളിൽ രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഐ.സി.യു കിടക്കകൾ 59 എണ്ണം ഉള്ളതിൽ 15 കിടക്കകളിൽ രോഗികളുണ്ട്.
47 വെന്റിലേറ്ററുകൾ ആണ് ജില്ലയിൽ ആകെയുള്ളത്. സ്വകാര്യ ആശുപത്രികളിൽ 776 കൊവിഡ് കിടക്കകളിൽ 324 എണ്ണത്തിൽ രോഗികളുണ്ട് . 56 വെന്റിലേറ്ററുകൾ ഉള്ളതിൽ 10 എണ്ണവും 133 ഐ.സി.യു കിടക്കകളിൽ 50 എണ്ണവും ഉപയോഗത്തിലാണ്.

ജില്ലയിൽ വ്യാപനം അതിഭീകരമായിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യ പ്രവർത്തകരിൽ ഭൂരിഭാഗം പേരും കൊവിഡ് രോഗികളാണ്. ഇവരിൽ പലർക്കും രണ്ടാംതവണയാണ് കൊവിഡ് വരുന്നത്. കൊവിഡ് രോഗികളിൽ ഭൂരിഭാഗവും വീട്ടിൽ തന്നെയാണ് നിലവിലുള്ളത്. രണ്ടായിരത്തിലധികം കേസുകൾ പ്രതിദിനം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എല്ലാ പ്രായക്കാരും ഇക്കൂട്ടത്തിലുണ്ട്. ദിവസവും ഒന്നുമുതൽ അഞ്ച് വരെ മരണവും രേഖപ്പെടുത്തുന്നുണ്ട്.

പത്തനംതിട്ട ജനറൽ ആശുപത്രി

ഓക്സിജൻ പോർട്ട് കിടക്കകൾ : 40

സാധാരണ കിടക്കകൾ : 20

ഐ.സി.യു, വെന്റിലേറ്റർ : 10

പി.എച്ച്.സികളിൽ പരിശോധന ഇല്ല

ജില്ലയിൽ പി.എച്ച്.സികളിൽ കൊവിഡ് പരിശോധന പൂർണമായും നിലച്ചമട്ടാണ്. ടെസ്റ്റ് കിറ്റ് ലഭിക്കാത്തതാണ് കാരണം. ആന്റിജൻ പരിശോധന വീണ്ടും ആരംഭിച്ചിട്ടുമുണ്ട്. പരിശോധന പ്രധാന ആശുപത്രികളിലും സ്വകാര്യ ലാബുകളിലുമാണ് നടക്കുന്നത്. പത്തനംതിട്ട, കോഴഞ്ചേരി, അടൂർ, തിരുവല്ല ആശുപത്രികളിൽ കൊവിഡ് പരിശോധന നടക്കുന്നുണ്ട്. എന്നാൽ മറ്റുസ്ഥലങ്ങളിലുള്ളവരെല്ലാം സ്വകാര്യ ആശുപത്രികളേയും സ്വകാര്യ ലാബുകളേയും ആശ്രയിക്കുകയാണ്. ആന്റിജന് 300 രൂപയും ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് 500 രൂപയുമാണ് സ്വകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്നത്. പരിശോധന നടക്കുന്ന സർക്കാർ ആശുപത്രികളിൽ നീണ്ട ക്യൂ ആണ്. പ്രായമായവരും രോഗികളുമായ നിരവധിയാളുകൾ മണിക്കൂറുകൾ ക്യൂ നിന്നാണ് പരിശോധന നടത്തുന്നത്. ഇതിൽ പകുതിയാളുകളും പോസിറ്റീവാകുന്നുമുണ്ട്.

അടൂരിൽ സജ്ജം

അടൂർ : ജനറൽ ആശുപത്രിയിൽ കൊവിഡ് ചികിത്സയ്ക്കായി സംവിധാനങ്ങൾ ഒരുക്കി. നാലാം നിലയിലെ സ്ത്രീകളുടെ മെഡിക്കൽ വാർഡാണ് കൊവിഡ് വാർഡായി മാറ്റിയിരിക്കുന്നത്. ഇവിടെ 26 കിടക്കളും 9 ഐ.സി.യു സംവിധാനമുള്ള കിടക്കളും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ 24 പേർ വാർഡിലും എെ.സി.യു വിൽ 3 പേരും രോഗബാധിതരായുണ്ട്. ആവശ്യമായ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. കൊവിഡ് വാർഡിലെ 26 കിടക്കകൾക്ക് പുറമേ മറ്റു വാർഡുകളിലെ 120 കിടക്കകൾക്കും സെൻട്രലൈസ്ഡ് ഒാക്സിജൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

കിടത്തിച്ചികിത്സ തുടങ്ങാതെ മെഡിക്കൽ കോളേജ്

കോന്നി : ഗവ.മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികൾക്കുള്ള കിടത്തി ചികിത്‌സ ആരംഭിച്ചിട്ടില്ലെന്നും നടപടികൾ പുരോഗമിയ്ക്കുകയാണെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. 30 കിടക്കകൾ ഐ.സി.യുവിൽ ക്രമീകരിച്ചിട്ടുണ്ടെങ്കിലും ചില പണികൾ തീരാനുള്ളതുകൊണ്ട് രോഗികളെ പ്രവേശിപ്പിച്ചിട്ടില്ല. കോന്നി താലൂക്ക് ആശുപത്രിയിലും കൊവിഡ് രോഗികളുടെ കിടത്തിച്ചുകിത്സ തുടങ്ങിയിട്ടില്ല. ഒരു ഐ.സി.യു വെന്റിലേറ്റർ ബെഡാണ് അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്കായുള്ളത്. കൊവിഡ് രോഗികൾക്കായി ഐസിലേഷൻ സംവിധാനമാണ് ക്രമീകരിക്കുന്നത്.