z

കോന്നി: തണ്ണിത്തോട് പ്ലാന്റേഷൻ കോർപറേഷൻ എസ്റ്റേറ്റിൽ പാഷൻ ഫ്രൂട്ട് വള്ളികൾ കായ്ച്ചുതുടങ്ങി. ആറ് മാസങ്ങൾക്കു മുൻപ് പരീക്ഷണാടിസ്ഥാനത്തിലാണ് ഇവിടെ കൃഷി തുടങ്ങിയത്. തണ്ണിത്തോട് മൂഴി - തേക്കുതോട് റോഡരികിൽ കല്ലാറിന്റെ തീരത്താണ് കൃഷി. പാഷൻ ഫ്രൂട്ട് കൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്ലാന്റേഷൻ കോർപ്പറേഷൻ അധികൃതർ. കൊടുമൺ എസ്റ്റേറ്റിൽ നിന്നെത്തിച്ച വിത്തുകൾ പാകി കിളിർപ്പിച്ച് 2000 പാഷൻ ഫ്രൂട്ട് തൈകൾ ഇവിടെ ഉത്പാദിപ്പിച്ചിരുന്നു. ഇതിൽ 120 തൈകളാണ് ആദ്യമായി വച്ചുപിടിപ്പിച്ചത്. ഇരുമ്പ് തൂണുകൾക്ക് മുകളിൽ ഒരുക്കിയ പന്തലിലാണ് വള്ളികൾ കായ്ച്ചു തുടങ്ങിയത്. ഇവിടെ 400 തൈകൾ കൂടി നടാനുള്ള ക്രമീകരണങ്ങളും ആരംഭിച്ചു. പ്ലാന്റേഷൻ കോർപറേഷന്റെ കൊടുമൺ, ചന്ദപ്പള്ളി എസ്റ്റേറ്റുകളിൽ നേരത്തെ പാഷൻഫ്രൂട്ട് കൃഷി തുടങ്ങിയിരുന്നു . ഇതിന്റെ ചുവടുപിടിച്ചാണ് തണ്ണിത്തോട്ടത്തിലും കൃഷിയാരംഭിച്ചത്. റബറിന്റെ വിലയിടിവിനെ തുടർന്ന് എസ്റ്റേറ്റിലെ തരിശുനിലങ്ങൾ പ്രയോജനപ്പെടുത്തി ചീമേനി എസ്റ്റേറ്റിൽ നിന്നെത്തിച്ച കറുവപ്പട്ട തൈകൾ, ഗംഗബോണ്ടം തെങ്ങുകൾ, മംഗള ഇനത്തിൽപ്പെട്ട കമുകുകൾ , വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവുകൾ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.