
പത്തനംതിട്ട : വർഷങ്ങൾക്ക് മുമ്പ് താൻ നൽകിയ ഉപദേശം സ്വീകരിച്ച് ജില്ലാകളക്ടറായ പഴയ പത്താംക്ളാസുകാരിയെ കണ്ടുമുട്ടിയപ്പോൾ മന്ത്രി ആന്റണി രാജുവിന് ഏറെ സന്തോഷം.
റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി എത്തിയ മന്ത്രിയെ സ്വീകരിച്ചത്
ജില്ലാകളക്ടർ ദിവ്യ എസ്. അയ്യരാണ്. 2000 എസ്.എസ്.എൽ.സി ബാച്ചിലെ രണ്ടാം റാങ്കുകാരിയാണ് ദിവ്യ. എസ്.എസ്.എൽ.സി പരീക്ഷയുടെ റാങ്ക് സംവിധാനം ഒഴിവാക്കിയ വർഷം കൂടിയാണത്. അന്ന് തിരുവനന്തപുരം വെസ്റ്റ് നിയമസഭ മണ്ഡലം എം.എൽ.എ ആയിരുന്നു ആന്റണി രാജു . സ്വന്തം മണ്ഡലത്തിലെ കുട്ടിക്ക് റാങ്ക് ലഭിച്ചപ്പോൾ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും പാർട്ടിയുടെ നേതാവുമായിരുന്ന പി.ജെ. ജോസഫിനെ കൂട്ടി ദിവ്യ എസ്. അയ്യരെ അഭിനന്ദിക്കാൻ ആന്റണി രാജു എത്തിയിരുന്നു. അഭിനന്ദനം അറിയിക്കുമ്പോൾ ആന്റണിരാജു റാങ്ക് ജേതാവിനെ ഉപദേശിച്ചു. പഠിക്കണം, മിടുക്കിയായി പഠിച്ച് ഐ.എ.എസുകാരിയാകണം. ഉടൻ തന്നെ മറുപടിയും വന്നു. പഠിക്കും, ഡോക്ടറാകും പിന്നെ ഐ.എ.എസുകാരിയും.
കാലങ്ങൾ ഏറെ കഴിഞ്ഞു, ആന്റണി രാജു മന്ത്രിയായി.
ദിവ്യ എസ്. അയ്യർ വെല്ലൂർ സി.എം.സിയിൽ നിന്ന് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി. തുടർന്ന് സിവിൽ സർവീസും എഴുതി. ജില്ലാ കളക്ടറെന്ന നിലയിൽ ആദ്യ നിയമനമാണ് പത്തനംതിട്ടയിലേത്.
ഇത്തവണ റിപ്പബ്ലിക് ദിനത്തിൽ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ പരേഡിൽ മുഖ്യാതിഥിയായി ആന്റണി രാജു എത്തിയത് യാദൃശ്ചികമായാണ്. കണ്ടുമുട്ടിയപ്പോൾ പഴയ കഥ മന്ത്രി തന്നെയാണ് ഓർമിപ്പിച്ചത്. ആഘോഷങ്ങൾക്ക് ശേഷം കളക്ടറുടെ വസതിയിലെത്തിയ മന്ത്രിയുടെ മുന്നിലേക്ക് അന്നത്തെ അഭിനന്ദനങ്ങളുടെ നേർക്കാഴ്ചകൾ ആൽബത്തിലാക്കി സൂക്ഷിച്ചിരിക്കുന്നത് ദിവ്യയുടെ അച്ഛൻ പി.എസ്. ശേഷ അയ്യർ കാട്ടിക്കൊടുത്തു. ദിവ്യയുടെ ഭർത്താവ് കെ.എസ്.ശബരിനാഥൻ, മകൻ മൽഹാർ, മാതാവ് ഭഗവതി അമ്മാൾ എന്നിവർക്കൊപ്പം ഏറെനേരെ ചെലവഴിച്ചശേഷമാണ് മന്ത്രി മടങ്ങിയത്.