പ്രമാടം: വേനൽ കനത്തതോടെ വനമേഖല കാട്ടുതീ ഭീഷണിയിൽ. കാട്ടുതീ തടയാനുള്ള മുന്നൊരുക്കം നടത്താൻ വനംവകുപ്പിന് കഴിയുന്നില്ലെന്ന് പരാതിയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കോന്നി, ചി​റ്റാർ, സീതത്തോട്, പെരുമ്പെട്ടി മേഖലകളിൽ കാട്ടുതീ പടർന്നിരുന്നു. തുടക്കത്തിൽത്തന്നെ അണയ്ക്കാൻ കഴിഞ്ഞതിനാൽ ദുരന്തങ്ങളുണ്ടായില്ല. മുൻ വർഷങ്ങളിൽ കാട്ടുതീ മൂലം ഏക്കറ് കണക്കിന് സ്ഥലത്തെ വനവും വന്യമൃഗങ്ങളും കത്തിനശിച്ചിരുന്നു.

കോന്നി, റാന്നി ഫോറസ്​റ്റ് ഡിവിഷനുകളാണ് ജില്ലയിലുള്ളത്. കാട്ടുതീ തടയാൻ ഫയർ വാച്ചർമാരെ നിയമിക്കാറുണ്ടെങ്കിലും ഇത്തവണ കാര്യക്ഷമമല്ല. നിലവിലുള്ള ജീവനക്കാരെയും വന സംരക്ഷണ സമിതികളെയും ആശ്രയിച്ചാണ് കാട്ടുതീ തടയാൻ വനംവകുപ്പ് ഇടപെടൽ നടത്തുന്നത്. എന്നാൽ പ്ലാന്റേഷൻ തോട്ടങ്ങളിൽ ഉൾപ്പെടെ തീയുണ്ടാകുമ്പോൾ ഇത് സമീപ വനമേഖലയിലേക്ക് വ്യാപിക്കുന്നത് തടയാൻ കഴിയാറില്ല.

തണ്ണിത്തോട്, മേടപ്പാറ, തേക്കുതോട്, തൂമ്പാക്കുളം, അതുമ്പുംകുളം, കൊക്കാത്തോട് മേഖലകൾ കാട്ടുതീ ഭീഷണി നേരിടുന്ന പ്രദേശങ്ങളാണ്. ഇവിടെ ശാസ്ത്രീയമായ രീതിയിൽ ഫയർ ലൈനുകൾ തെളിച്ചിട്ടില്ല. ചി​റ്റാർ, സീതത്തോട് പ്രദേശങ്ങളിലും കാട്ടുതീ തുടർച്ചയായി ഉണ്ടാകുന്നുണ്ട്. റബർ തോട്ടങ്ങളിലും മലമടക്കുകളിലും തീ പിടിക്കുന്നുണ്ട്.

വലിയ അഗ്‌നിബാധകളുണ്ടായാൽ അതിവേഗത്തിൽ ഫയർ ഫോഴ്‌സ് വാഹനങ്ങളിൽ വെള്ളം നിറയ്ക്കുന്നതിനുള്ള സംവിധാനം ജില്ലയിലില്ല. ജല അതോറി​റ്റിയുടെ പൈപ്പിലൂടെ എത്തുന്ന വെള്ളം ടാങ്കറുകളിൽ നിറച്ച് സൂക്ഷിക്കുകയാണ് പതിവ്. വൻ അഗ്‌നിബാധകളാണുണ്ടാകുന്നതെങ്കിൽ ഇങ്ങനെ വെള്ളം നിറച്ച് അപകട സ്ഥലത്ത് എത്തുമ്പോഴേയ്ക്കും എല്ലാം കത്തിയമർന്നിട്ടുണ്ടാകും. ഇത്തരം ദുരന്തങ്ങളെ അതിജീവിക്കാൻ പ്രധാന കേന്ദ്രങ്ങളിൽ വാട്ടർ ഹൈഡ്രന്റുകൾ സ്ഥാപിക്കണമെന്ന നിയമമുണ്ടെങ്കിലും ജില്ലയിൽ പാലിക്കപ്പെടുന്നില്ല. വാട്ടർ ഹൈഡ്രന്റുകൾ സ്ഥാപിക്കുമ്പോൾ 24 മണിക്കൂറും ജലലഭ്യത ഉറപ്പാക്കണം. ഈ ഉറപ്പ് നൽകാൻ സർക്കാരിനോ പ്രാദേശികഭരണകൂടങ്ങൾക്കോ കഴിയാത്തത് മൂലമാണ് വാട്ടർ ഹൈഡ്രന്റുകൾ സ്ഥാപിക്കാൻ ജല അതോറി​റ്റി തയ്യാറാകാത്തതെന്ന് ആക്ഷപമുണ്ട്.