 
കോഴഞ്ചേരി : കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് . പുറമറ്റം ഡിവിഷൻ അംഗം സി.പി.എമ്മിലെ ശോശാമ്മ ജോസഫാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രസിഡന്റ് യു.ഡി.എഫിലെ ജിജി ജോൺ മാത്യുവിനെ 6 നെതിരെ 7 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ഉണ്ണി പ്ലാച്ചേരി യു.ഡി.എഫിലെ ലാലു തോമസിനെ 6 നെതിരെ 7 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും ഇതോടെ എൽ.ഡി.എഫ് ഭരണത്തിലായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോൺ മാത്യുവും വൈസ് പ്രസിഡന്റ് ലാലു തോമസും സംസ്ഥാനസർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കെതിരായ സമീപനം സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ എൽ.ഡി.എഫ് കഴിഞ്ഞ 14 ന് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസായിരുന്നു. തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്.
ജില്ലാ ലേബർ ഓഫീസർ ഇൻ ചാർജ് എസ്. സൂരജ് വരണാധികാരിയായിരുന്നു.ശോശാമ്മ ജോസഫിനും ഉണ്ണി പ്ലാച്ചേരിക്കും ഭരണ സമിതി അംഗങ്ങൾക്കും എൽ.ഡി.എഫ് സ്വീകരണം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം വി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, സി.പി. എം കോഴഞ്ചേരി ഏരിയാ കമ്മറ്റി സെക്രട്ടറി ടി.വി. സ്റ്റാലിൻ, ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, ഡി.വൈ.എഫ് ഐ ബ്ലോക്ക് സെക്രട്ടറി ബിജിലി പി. ഇൗശോ, സി.പി.എം അയിരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി മോഹൻ ദാസ് തുടങ്ങിയവർ സംസാരിച്ചു.