
പത്തനംതിട്ട : ഹയർ സെക്കൻഡറി പരീക്ഷാഫലം മികച്ചതാക്കുന്നതിന് ജില്ലാ പഞ്ചായത്ത് നമ്മളെത്തും മുന്നിലെത്തും പദ്ധതി ഈ വർഷം നടപ്പാക്കും. സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷാഫലത്തിൽ പതിനാലാം സ്ഥാനത്തു നിൽക്കുന്ന ജില്ലയെ മുന്നിലെത്തിക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. മൂന്നുവർഷംമുമ്പ് പ്ലസ് ടു ക്ലാസുകാർക്ക് 15 വിഷയങ്ങളിൽ ലളിതമായ പഠന സാമഗ്രികൾ തയാറാക്കി വിതരണം ചെയ്തിരുന്നു. ഇപ്പോൾ പതിനൊന്നാം ക്ലാസുകാർക്ക് പഠനസാമഗ്രികൾ തയാറാക്കി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഫിസിക്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, സുവോളജി, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ബിസിനസ് സ്റ്റഡീസ്, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, ബോട്ടണി, ഹിസ്റ്ററി, ജോഗ്രഫി, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങൾക്കാണ് വിദഗ്ധരായ അദ്ധ്യാപകർ ലളിതമായ പഠനസാമഗ്രികൾ തയാറാക്കുന്നത്. കൂടുതൽ വിഷയങ്ങൾക്കും മലയാളത്തിൽ ആയിരിക്കും പഠന സാമഗ്രികൾ തയാറാക്കുക.
അച്ചടിക്കുന്ന പഠനസാമഗ്രികൾ ജില്ലയിലെ എല്ലാ ഹയർ സെക്കൻഡറി സ്‌കൂളുകളിലും ആവശ്യക്കാരായ കുട്ടികളിൽ എത്തിക്കും. ഇതിനായി പദ്ധതി അംഗീകരിച്ചു. മുമ്പ് തയാറാക്കിയ പന്ത്രണ്ടാം ക്ലാസുകാർക്കായുള്ള പഠനസാമഗ്രികൾ ഈ വർഷം പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിതരണം ചെയ്യും.
ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി ജില്ലാ കോഓർഡിനേറ്റർ കെ. സുധ, രാജേഷ് എസ്. വള്ളിക്കോട്, സജി വറുഗീസ്, പി .ആർ. ഗിരീഷ്, പി.കെ. അജീഷ് കുമാർ എന്നിവർ സംസാരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ശിൽപശാല ഇന്ന് അടൂർ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.