 
റാന്നി : എസ്.സി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സുരക്ഷ ഒരുക്കാതെയുള്ള റോഡ് നിർമ്മാണം സർവകക്ഷി സംഘത്തിന്റെ നേതൃത്വത്തിൽ തടഞ്ഞു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ എസ്.സിപ്പടി ജംഗ്ഷനിലെ തോടിനോടു ചേർന്നുള്ള കോൺക്രീറ്റിംഗാണ് വിവാദമായത്. ചെത്തോങ്കര മുതൽ എസ്.സി പടിയിലെ പെട്രോൾ പമ്പ് വരെയുള്ള ഭാഗത്ത് റോഡിന് വീതി വർദ്ധിപ്പിച്ച് തോട്ടിലേക്ക് ഇറക്കിക്കെട്ടിയിരുന്നു.
എന്നാൽ സ്കൂൾ വിദ്യാർത്ഥികൾ ബസ് കാത്തുനിൽക്കുന്ന ജംഗ്ഷനിൽ തോടിനോട് ചേർന്ന് പഴയ കൽക്കെട്ടിനു മുകളിലായി കരാർ കമ്പനി കോൺക്രീറ്റ് ചെയ്തിരുന്നു.സ്കൂൾ അധികൃതർ വിഷയം പ്രമോദ് നാരായണൻ എം.എൽ.എ യുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന്
അപാകതകൾ നിറഞ്ഞ നിർമ്മാണം നിറുത്തി വയ്ക്കാൻ എം.എൽ.എ നിർദ്ദേശം നൽകിയിരുന്നു.
വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാൻ ഈ ഭാഗത്ത് റോഡിന് വീതി വർദ്ധിപ്പിക്കണമെന്നും സ്കൂളിന്റെ പ്രവേശന കവാടത്തിലെ പഴയ പാലം പൊളിച്ചുമാറ്റി പുതിയ പാലം നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് സർവകക്ഷി സംഘംപൊതുമരാമത്ത് വകുപ്പ്മന്ത്രി, എം.എൽ.എ , കെ.എസ്.ടി.പി എന്നിവർക്ക് നിവേദനവും നൽകിയിരുന്നു.
ഇതിനിടെയാണ് റോഡിന് വീതി വർദ്ധിപ്പിക്കാതെ പഴയ നിലയിൽത്തന്നെ നിർമ്മാണം വീണ്ടും ആരംഭിച്ചത്.വിവരമറിഞ്ഞ് സ്കൂൾ മാനേജ്മെന്റ്, പി.ടി. എ അംഗങ്ങൾ ,അദ്ധ്യാപകർ, സർവകക്ഷി സംഘാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലെത്തി പണി തടയുകയായിരുന്നു.
സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ. സുരേന്ദ്രൻ , പഴവങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് അനു.റ്റി. ശമുവേൽ ,പ്രിൻസിപ്പൽ ലീനാ ആനി ഏബ്രഹാം ഹെഡ് മാസ്റ്റർ ജേക്കബ് ബേബി, അദ്ധ്യാപകരായ മാത്യു തോമസ്, ബെറ്റ് സി.കെ. ഉമ്മൻ ,സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി ജയൻ , പി. വർഗീസ് പി.ടി.എ പ്രസിഡന്റ് ഷൈനി രാജീവ് എന്നിവർ നേതൃത്വം നൽകി