അടൂർ : കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിൽ ജീവനക്കാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ജീവനക്കാർ അവധിയിൽ പ്രവേശിച്ചതോടെ സർവീസുകളുടെ നടത്തിപ്പിനേയും ബാധിച്ചു. സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ മുപ്പതോളം ജീവനക്കാർക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ 40 സർവീസുകളാണ് ഡിപ്പോയിൽ നിന്നും നടത്തുന്നത്. ജീവനക്കാരുടെ കുറവ് കാരണം ഇന്നലെ 33 എണ്ണമേ അയയ്ക്കാൻ കഴിഞ്ഞുള്ളൂ. പരമാവധി സർവീസുകൾ അയയ്ക്കുക എന്ന ലക്ഷ്യം മുൻനിറുത്തി പനിയുള്ള ജീവനക്കാർ ഡ്യൂട്ടിക്ക് പോകുന്നതിന് നിർബന്ധിരാവുകയാണ്. അതുവഴി യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കയുണ്ട്. ബസുകൾ അണുനശീകരണം നടത്തണമെന്നും എല്ലാ ദിവസവും കഴുകി വൃത്തിയാക്കണമെന്നുമാണ് ചീഫ് ഒാഫീസിൽ നിന്നുള്ള നിർദ്ദേശം. അടൂർ ഡിപ്പോയിലാകട്ടെ അത് പേരിന് മാത്രമാണ്.കണ്ടക്ടർമാർ, ഡ്രൈവർമാർ എന്നിവർക്കിടയിൽ കൊവിഡ് വ്യാപന തോത് ഉയർന്നിട്ടും മതിയായ മുൻകരുതലുകൾ ഒന്നുമില്ലാത്തതാണ് ജീവനക്കാരെ ആശങ്കയിലാഴ്ത്തുന്നത്. കൂടുതൽ ജീവനക്കാർക്കാരിലേക്ക് കൊവിഡ് വ്യാപനമുണ്ടായാൽ ഡിപ്പോയിലെ പല സർവീസുകളും മുടങ്ങുമെന്നും ആശങ്കയുണ്ട്.

ബസുകൾ അണുനശീകരണം നടത്താൻ നിലവിൽ സംവിധാനമില്ലാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ അടൂർ അഗ്നിരക്ഷാസേനാ വിഭാഗത്തിന്റെ അടിയന്തര സേവനം ലഭ്യമാക്കണം

പ്രശാന്ത് മണ്ണടി

(കെ.എസ്.ടി വർക്കേഴ്സ്

ഐ.എൻ.ടി.യു.സി അടൂർ

യൂണിറ്റ് പ്രസിഡന്റ് )​

..കണ്ടക്ടർമാർ, ഡ്രൈവർമാർ എന്നിവർക്കിടയിൽ കൊവിഡ് വ്യാപനം

.നിലവിൽ 40 സർവീസ്

.ഇന്നലെ അയച്ചത് 33 സർവീസ്

.മുൻ കരുതലുകൾ ഇല്ലെന്ന് പരാതി