 
ചെങ്ങന്നൂർ: ആല ഗ്രാമഞ്ചായത്തിലെ നെടുവരം കോട് കൊച്ചുകടപ്പാടം എന്ന മുന്തിരിപ്പാടത്ത് നെൽകൃഷി ആരംഭിച്ചു. മുപ്പത് വർവഷമായി തരിശുകിടക്കുകയായിരുന്നു പാടം. വിത്ത് വിതയ്ക്കലിന്റെ
ഉദ്ഘാടനം ആലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ മുരളീധരൻ പിള്ള നിർവഹിച്ചു. വാർഡ് മെമ്പർ കെ.രാധാമണി, പ്രൊഫ. കെ.കെ.വിശ്വനാഥൻ, കെ. ഡി. രാധാകൃഷ്ണക്കുറുപ്പ്, കർഷകനായ പി.ടി.ബിജു. എന്നിവർ പങ്കെടുത്തു. ഉത്രപ്പള്ളിയാറ്റിൽ നിന്ന് വെള്ളമെത്തിച്ചാണ് മുന്തിരിപ്പാടത്ത് മുൻപ് കൃഷി നടത്തിയിരുന്നത്. വ്യാപക കൈയേറ്റം മൂലം ആറ് ഇല്ലാതായതോടെ അഞ്ച് പഞ്ചായത്തുകളിലെ ഹെക്ടർ കണക്കിന് പാടശേഖരമാണ് തരിശ് നിലമായി മാറിയത്. ആല കൃഷി ഓഫീസറുടെ പ്രേരണയിൽ കർഷകനായ ആല നെടുവരംകോട് പെരിങ്ങിലിപ്പുറം വീട്ടിൽ പി.ടി. ബൈജു മുന്നിട്ടിറങ്ങിയതോടെയാണ് തരിശുനിലം കൃഷിഭൂമിയായി മാറിയത്. ആദ്യഘട്ടത്തിൽ 4 ഏക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. ഭാവിയിൽ പാടം മുഴുവൻ കൃഷിയോഗ്യമാക്കുക എന്നതാണ് ബൈജുവിന്റെ ലക്ഷ്യം. നെൽകൃഷിയുടെ ഇടവേളകളിൽ പച്ചക്കറി കൃഷിയും നടത്താനാണ് ലക്ഷ്യമിടുന്നത്. നിലവിൽ കരക്കണ്ടം കേന്ദ്രീകരിച്ച് അരയേക്കർ സ്ഥലത്ത് പച്ചക്കറി കൃഷി നടത്തുന്നുണ്ട്.
" ജലദൗർലഭ്യമാണ് മുന്തിരിപ്പാടത്തെ കൃഷിക്ക് തടസംസൃഷ്ടിക്കുന്നത്. ജലസ്രോതസായ ഉത്രപ്പള്ളിയാർ വീണ്ടെടുത്താൽ ഈ പാടത്ത് നൂറുമേനി വിളവ് ലഭിക്കും. അധികാരികൾ അതിനുള്ള ശ്രമം ഊർജ്ജിതമാക്കണം "
പി. ടി. ബൈജു, 
കർഷകൻ