പ്രമാടം: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൊവിഡ് കരുതൽ പരിചരണ കേന്ദ്രം പുനരാരംഭിക്കണമെന്ന് കോൺഗ്രസ് പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. പാർലമെന്ററി പാർട്ടി ലീഡർ എംകെ മനോജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി എംവി ഫിലിപ്പ് പഞ്ചായത്ത് അംഗങ്ങളായ പ്രസീദ രഘു ,നിഖിൽ ചെറിയാൻ, കുഞ്ഞന്നാമ്മ, ആനന്ദവല്ലിയമ്മ ,രാഗി സനൂപ് എന്നിവർ പങ്കെടുത്തു. മുൻപ് കൊവിഡ് കെയർ സെന്ററും കൊവിഡ് സൗജന്യ പരിശോധന കേന്ദ്രവും കരുതൽ പരിചരണ കേന്ദ്രവും ഉണ്ടായിരുന്നത് നിറുത്തലാക്കിയ പുതിയ ഭരണസമിതി അതിതീവ്രമായ വ്യാപനം നടക്കുന്ന ഈ ഘട്ടത്തിൽ ഇവയെല്ലാം പുനരാരംഭിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. പത്തിൽ ആറു വീടുകളിലും രോഗികളുണ്ടെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തിയ പഞ്ചായത്തിൽ യാതൊരുവിധ പ്രതിരോധ നടപടികളും പഞ്ചായത്ത് സ്വീകരിക്കാത്തത് അനീതിയാണ്. രോഗികൾക്ക് പ്രാഥമിക ശുശ്രൂഷക്ക് ആവശ്യമായ മരുന്നുകൾ പോലും പ്രമാടം പഞ്ചായത്തിന്റെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നുണ്ട് ആവശ്യമായ മരുന്നുകൾ ഉണ്ടെന്ന് പഞ്ചായത്ത് ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.