haritham
പെരിങ്ങരയിലെ പച്ചത്തുരുത്ത് ഉണങ്ങിവരണ്ടനിലയിൽ

തിരുവല്ല: പെരിങ്ങരയെ സംസ്ഥാനത്തെ ആദ്യത്തെ മാതൃകാ പച്ചത്തുരുത്താക്കാനുള്ള പദ്ധതി പാളി. പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങളിലൂടെ കേരളത്തിന് മാതൃകയാകാനായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തുടക്കംകുറിച്ച പച്ചത്തുരുത്ത് പദ്ധതിയാണ് ലക്ഷ്യം കാണാതെ പോയത്. പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ ഹയർസെക്കൻഡറി സ്‌കൂൾ വളപ്പിലെ ഒരേക്കറോളം സ്ഥലത്ത് 2020 ഒക്ടോബറിലാണ് പദ്ധതി തുടങ്ങിയത്. അപൂർവവും വ്യത്യസ്ത വിഭാഗത്തിലും ഉൾപ്പെട്ട മരോട്ടി, അശോകം, വേങ്ങ, ഉങ്, കരിമരം, അത്തി, ഇത്തി, താന്നി തുടങ്ങി 250ൽ പരം വൃക്ഷത്തെകൾ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിനായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലം ഒരുക്കിയെടുത്തു. കുറെ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. പച്ചത്തുരുത്തിന്റെ തുടർപരിപാലനവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജനകീയസമിതിയും രൂപീകരിച്ചിരുന്നു. എന്നാൽ ഒരുവർഷം പിന്നിടുമ്പോൾ സംരക്ഷിക്കാൻ ആരുമില്ലാതെ പച്ചത്തുരുത്ത് കരിഞ്ഞുണങ്ങി. തൈകൾ പരിപാലനമില്ലാതെ നശിച്ചു. കാടും വള്ളിപ്പടർപ്പും നിറഞ്ഞു. മുളകൊണ്ട് നിർമ്മിച്ച സംരക്ഷണവേലി പൊളിഞ്ഞുവീണു. പച്ചത്തുരുത്തിന് സമീപത്തുകൂടി തോട് ഒഴുകുന്നുണ്ടെങ്കിലും ജലസേചനത്തിന് സംവിധാനമില്ല. ഇവിടെ കൽപ്പടവുകൾ നിർമ്മിക്കാനുള്ള ജോലികളും നീണ്ടുപോകുകയാണ്.

സ്വപ്‌നമായി ബയോപാർക്ക്


പച്ചത്തുരുത്തിൽ ദേശീയ നിലവാരത്തിലുള്ള ബയോപാർക്ക് സ്ഥാപിക്കാനും ലക്ഷ്യമിട്ടിരുന്നു. നടപ്പാത, നക്ഷത്രവനം, ജൈവവേലി, നെയിംബോർഡുകൾ ഉൾപ്പെടെയുള്ളവ ഒരുക്കുമെന്നും പദ്ധതിക്ക് ആവശ്യമായ സാങ്കേതിക സഹായത്തിന് കോട്ടയത്തെ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ഇക്കോളജിക്കൽ സയൻസിനെ ചുമതലപ്പെടുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. വിദ്യാർത്ഥികൾക്കും പരിസ്ഥിതി ഗവേഷകർക്കും പ്രവർത്തകർക്കും അക്കാദമിക കാര്യങ്ങൾക്ക് ഉൾപ്പെടെ പ്രയോജനപ്പെടുംവിധം പച്ചത്തുരുത്ത് മാറ്റിയെടുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി.