vc

ചെറുകോൽപുഴ ഹിന്ദുമത കൺവെൻഷൻ


പത്തനംതിട്ട : മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണാജോർജ് എന്നിവരുടെ നേതൃത്വത്തിൽ ചെറുകോൽപുഴ ഹിന്ദുമത കൺവെൻഷന്റെ മുന്നൊരുക്ക അവലോകന യോഗം ഓൺലൈനായി ചേർന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൺവെൻഷൻ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിന് എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകി.

വാട്ടർ അതോറിട്ടി കൺവെൻഷൻ സ്ഥലത്തും പരിസര പ്രദേശങ്ങളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. ആരോഗ്യ വകുപ്പ് കൺവെൻഷൻ നഗറിൽ വേണ്ട ക്രമീകരണങ്ങൾ സ്വീകരിക്കും. അയിരൂർ, ചെറുകോൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും തെരുവ് വിളക്കുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. പൊലീസ്, ഫയർ ഫോഴ്‌സ്, എക്‌സൈസ് വകുപ്പുകൾ എല്ലാ ക്രമീകരണങ്ങളും മുൻവർഷങ്ങളിലേതുപോലെ ഏർപ്പെടുത്തും. പ്രമോദ് നാരായൺ എം.എൽ.എ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ,ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.

മാരാമൺ കൺവെൻഷൻ

പത്തനംതിട്ട : മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ മാരാമൺ കൺവെൻഷന്റെ മുന്നൊരുക്ക അവലോകനയോഗം നടത്തി. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ജില്ല സി കാറ്റഗറിയിലാണ്. കൺവെൻഷൻ നടത്തുന്നതിന് അനുകൂല സാഹചര്യമുണ്ടായാൽ ആരോഗ്യവകുപ്പ് പ്രത്യേകശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വേണ്ട ക്രമീകരണങ്ങൾ ഒരുക്കുമെന്നും അധികൃതർ പറഞ്ഞു.
കൺവെൻഷനുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിലുള്ള ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുവല്ല ആർ.ഡി.ഒയെ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറായി നിയമിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു.
കഴിഞ്ഞ പ്രളയത്തിൽ പമ്പാനദിക്കരയിലെ കൺവെൻഷൻ നഗറിൽ എക്കൽ വന്നടിഞ്ഞിട്ടുണ്ട്. ഇത് നീക്കാൻ വേണ്ട നടപടികൾ അടിയന്തരമായി ഒരുക്കണമെന്ന് മാർത്തോമ സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ. ജിജി മാത്യു പറഞ്ഞു. മാർത്തോമ സുവിശേഷ പ്രസംഗസംഘം ട്രാഫിക് സെക്രട്ടറി റവ. സജി പി. സൈമൺ, ട്രഷറർ ജേക്കബ് ശാമുവേൽ തുടങ്ങിയവർ പങ്കെടുത്തു.