theatre

പത്തനംതിട്ട : ജില്ല സി കാറ്റഗറിയായതോടെ തിയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം തടസപ്പെട്ടു. വലിയ സ്ഥാപനങ്ങളും സൂപ്പർമാർക്കറ്റുകളും മാളുകളും പ്രവർത്തിക്കുമ്പോൾ, പകുതിപേർ എത്തുന്ന തിയേറ്റർ, പരിശീലനം നടക്കുന്ന സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ തുടങ്ങിയവ അടച്ചിടുന്ന നടപടികൾ ഈ മേഖലകളെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിടുകയാണ്.

തുറക്കുംമുമ്പേ വീണ്ടും ലോക്ക്

ഒന്നര വർഷത്തിന് ശേഷം ഒക്ടോബർ അവസാന ആഴ്ചയിലാണ് തിയേറ്ററുകൾ തുറന്നത്. മൂന്ന് മാസത്തിന് ശേഷം വീണ്ടും അടച്ചു. നൂറ് സീറ്റുള്ള തിയേറ്രറിൽ അമ്പത് പേർക്ക് മാത്രമാണ് പ്രവേശനഅനുമതി. ഇത് കൃത്യമായി പാലിക്കുന്നുണ്ട്. തിയേറ്റർ ക്ലസ്റ്ററായി ഇതുവരെ കണ്ടെത്തിയിട്ടുമില്ല. എന്നിട്ടും അടയ്ക്കാനാണ് നിർദേശം.

തിയേറ്റർ മേഖലയിൽ ഇന്ന് വരുമാനമില്ലാതെ ചെലവ് മാത്രമായി മാറുകയാണ്. വൈദ്യുതി ചാർജും വാടകയും ടാക്‌സും മുടക്കമില്ലാതെ അടയ്‌ക്കേണ്ടിവരും. വൈദ്യുതി ചാർജ് ഏകദേശം 65,000 മുതൽ 3 ലക്ഷം രൂപയോളം വരാറുണ്ട്. കൂടാതെ ജീവനക്കാരുടെ വേതനവും കണ്ടെത്തണം.

" തിയേറ്റർ വരുമാനം സർക്കാരിന് പ്രധാനമാണ്. അവശകലാകാരൻമാർക്ക് അടക്കം പെൻഷൻ നൽകുന്നതിന് തിയേറ്റർ വരുമാനം ഉപയോഗിക്കുന്നുണ്ട്. "

തിയേറ്റർ ഉടമ

ജിമ്മിൽ ആൾക്കൂട്ടമില്ല

ജില്ലയിൽ 85 ജിംനേഷ്യങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നിരവധി ജീവനക്കാരും ജോലി ചെയ്യുന്നു.

മറ്റ് കടകളിലും സ്ഥാപനങ്ങളിലും എത്തുന്ന അത്രയുംപേർ ജിമ്മിലെത്തില്ല. കൃത്യമായി ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നത് ആരോഗ്യത്തിന് ഗുണവുമാണ്. എന്നിട്ടും സി കാറ്റഗറിയിൽ ലോക്കിൽപ്പെട്ടിരിക്കുകയാണ് ജിംനേഷ്യങ്ങൾ. കൃത്യമായി പ്രവർത്തിക്കാത്തതിനാൽ വാടകയും ജീവനക്കാരുടെ ശമ്പളവും നൽകാൻ ബുദ്ധിമുട്ടുകയാണ് പല ഉടമകളും. അമ്പതിനായിരം മുതൽ ഒരുലക്ഷം വരെ മാസവരുമാനമുള്ള ജിംനേഷ്യങ്ങളാണ് ജില്ലയിൽ ഉള്ളത്. ഇതിൽ കുറഞ്ഞത് 50,000 രൂപ വാടകയും ശമ്പളവും മറ്റ് ചെലവുകൾക്കെല്ലാംകൂടി പോകും.

"തിരക്കുള്ള സ്ഥാപനങ്ങൾ തുറന്ന് വച്ചിട്ട് ജിം മാത്രം അടയ്ക്കാൻ പറയുന്നതിന്റെ യുക്തി മനസിലാവുന്നില്ല. തിരക്കും ബഹളവുമുള്ള മറ്റുഅനേകം സ്ഥലങ്ങൾ ഉണ്ട് ക്യൂ പാലിച്ചും അല്ലാതെയും. അവിടെ എങ്ങുമില്ലാത്ത നിയന്ത്രണമാണ് ജിംനേഷ്യങ്ങളിൽ ഉള്ളത്. "

ബിജോയ് കുര്യാക്കോസ്, (ജിംനേഷ്യം ഉടമ )

മുങ്ങിത്താഴുന്ന ജീവിതങ്ങൾ

ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്വിമ്മിംഗ് പൂളുകൾ വീണ്ടും അടച്ചിടലിന് വിധേയമായതോടെ ഇൗമേഖലയിലുള്ളവർ പ്രതിസന്ധിയിൽ മുങ്ങിത്താഴുകയാണ്. നീന്തൽ പരിശീലനം, ഗ്രൂപ്പുകളായുള്ള ഉല്ലാസം, വ്യായാമത്തിന്റെ ഭാഗമായുള്ള നീന്തൽ, അമ്മ്യൂസ്മെന്റ് പാർക്കുകളിലെ ജലായശയങ്ങൾ എന്നിങ്ങനെ സ്വിമ്മിംഗ് പൂൾ മേഖല സജീവമാണ്. ലക്ഷങ്ങൾ മുടക്കി സംവിധാനം ഒരുക്കിയ ഉടമകൾ മാത്രമല്ല, ക്ളീനിംഗ് ഉൾപ്പെടെയുള്ള മേഖലകളിൽ ജോലിയെടുക്കുന്ന തൊഴിലാളികൾ വരെ നീന്തൽക്കുളങ്ങളെ ആശ്രയിച്ച് ജീവിക്കുന്നു. ജില്ലയിലെ പ്രധാനപ്പെട്ട അമ്മ്യൂസ്മെന്റ് പാർക്കാണ് അടൂർ കോട്ടമുകളിലുള്ള ഗ്രീൻവാലി പാർക്ക്. അമ്മ്യൂസ് മെന്റ് പാർക്കിലെ നീന്തൽ തടാകത്തിന് പുറമേ അത്യാധുനികമായ മറ്റൊരു സ്വിമ്മിംഗ് പൂളും ഇവിടെയുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി സ്വിമ്മിംഗ് പൂളുകളുടെ പ്രവർത്തനം നിറുത്തിയതുവഴി ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. പൂളുകളിലെ പമ്പുകൾ, ഫിൽറ്റർ സംവിധാനങ്ങൾ, മാലിന്യങ്ങൾ പുറംതള്ളുന്ന വാക്വംക്ളീനറുകൾ എന്നിവ പ്രവർത്തന രഹിതമായി. രണ്ടരലക്ഷത്തോളം രൂപ ചെലവഴിച്ച് പുനരുദ്ധരിച്ച് വീണ്ടും തുറന്നതിന് പിന്നാലെയാണ് കൊവിഡിന്റെ മൂന്നാംവരവ്.

അമ്മ്യൂസ്മെന്റ് പാർക്കുകളിലെ പൂളിന്റെ നവീകരണത്തിന് വലിയ തുക ചെലവിട്ടു.

രണ്ടുവർഷത്തെ അടച്ചിടൽവഴി ഏകദേശം ആറ് കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. അതിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് വീണ്ടുമുള്ള നിയന്ത്രണം.

മോഹനചന്ദ്രൻ,

മാനേജിംഗ് ഡയറക്ടർ

അടൂർ ഗ്രീൻവാലി അമ്യൂസ്മെന്റ് പാർക്ക്