തിരുവല്ല: നെടുമ്പ്രം പുതിയകാവ് ഗവ.ഹൈസ്‌കൂളിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. വിദ്യാർത്ഥികൾ നട്ടുവളർത്തിയ ഇരുപതോളം പൂച്ചട്ടികൾ നശിപ്പിച്ചു. ഇന്നലെ രാവിലെ അദ്ധ്യാപകർ സ്‌കൂളിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂൾ മുറ്റത്താകെ ചെടിച്ചട്ടികൾ പൊട്ടിച്ചിട്ട് അലങ്കോലപ്പെടുത്തിയ നിലയിലാണ്. പഞ്ചായത്തംഗം ജിജോ ചെറിയാൻ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പുളിക്കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് വർഷം മുൻപും സ്‌കൂളിന് നേരെ സാമൂഹിക വിരുദ്ധ ആക്രമണം നടന്നിരുന്നു. സ്‌ക്കൂൾ കെട്ടിടത്തിന്റെ ജനാലകളാണ് അന്ന് തകർക്കപ്പെട്ടത്. സംഭവത്തിൽ പൂർവ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധിച്ചു.