1
അടൂർ ഗോപാലകൃഷ്ണൻ റോഡ്

മണക്കാല: പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ പേരിലുള്ള മണക്കാല -ചിറ്റാണി മുക്ക് റോഡ് നവീകരിക്കാത്തത് നാടിന് നാണക്കേടായി . ഫണ്ടില്ല, ടെൻഡർ എടുക്കാനാളില്ല, എന്നിങ്ങനെ നിരവധി കാരണങ്ങളാണ് അധികൃതർക്ക് പറയാനുള്ളത്. നവംബർ ആദ്യം പണിതുടങ്ങുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും നടപടി ഉണ്ടായില്ല. റീ ബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 1.89 കോടി രൂപയാണ് അനുവദിച്ചത്. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മിക്കാനാണ് പദ്ധതി. 250 മീറ്റർ ദൂരത്തിൽ ഓട നിർമ്മാണം, ഒരു കലുങ്ക് എന്നിവ ഉണ്ടായിരിക്കും. അഞ്ചു വർഷത്തെ റോഡിന്റെ പരിപാലനവും 12ശതമാനം ജി.എസ്.ടിയും ഉൾപ്പെടെ രണ്ട് കോടി നാൽപത് ലക്ഷം രൂപയാണ് റോഡിനായി വകയിരിത്തിയിരിക്കുന്നത്. മണക്കാല -ചിറ്റാണി മുക്ക് ഭാഗത്തെ രണ്ടു കിലോമീറ്റർ ദൂരമാണ് തകർന്നു കിടക്കുന്നത്. 2014ൽ ആഘോഷമായാണ് റോഡിന് അടൂർ ഗോപാലകൃഷ്ണൻ റോഡ് എന്ന പേരിട്ടത്. ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ പങ്കെടുത്തിരുന്നു. പൊതുമരാമത്ത് റോഡ് ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു.

ജില്ലാ പഞ്ചായത്ത് മുൻ അംഗം സതികുമാരിയാണ് തകർന്ന റോഡ് നിർമ്മിക്കുന്നതിന് ആദ്യമായി പദ്ധതി സമർപ്പിച്ചത്. അന്ന് പുനരുദ്ധാരണത്തിനായി പണം അനുവദിച്ചപ്പോൾ ചില രേഖകളിൽ റോഡ് കടമ്പനാട് ഗ്രാമ പഞ്ചായത്തിലാണ് എന്നായിരുന്നു. ഉദ്യോഗസ്ഥരുടെ കൈപ്പിഴവായിരുന്നു ഈ അബദ്ധത്തിന് കാരണം. ഏറത്ത് പഞ്ചായത്തിലാണ് റോഡ്. ഇതേതുടർന്ന് ആദ്യം അനുവദിച്ച തുക വിനിയോഗിക്കാൻ പറ്റാതെ വന്നു. പിന്നീട് റോഡ് ഏറത്ത് പഞ്ചായത്തിൽ വന്നതോടെ രൂപരേഖ മാറി. പുതിയ രൂപരേഖ വച്ച് തുക അനുവദിച്ചു. പക്ഷെ ആരും കരാർ ഏറ്റെടുത്തില്ല.

ഇപ്പോൾ ജില്ലാ പഞ്ചായത്തംഗം സി. കൃഷ്ണകുമാർ ഇടപ്പെട്ടതോടെയാണ് റോഡ് പണിയാനുള്ള നടപടികൾ ആരംഭിച്ചത്.

'' റോഡ് നവീകരിക്കാൻ ഫണ്ടനുവദിച്ചിട്ടും നിർമ്മാണം നടത്താത്തത് ഉദ്യോഗസ്ഥതല വീഴ്ചയാണ്. ഇത് അടൂർ ഗോപാലകൃഷ്ണനെ അപമാനിക്കുനതിന് തുല്യമാണ്. നിർമ്മാണം ഉടൻ തുടങ്ങണം.

അനിൽ മണക്കാല, പ്രദേശവാസി