പത്തനംതിട്ട : കൊടുമൺ റൈസ് മിൽ നിർമ്മാണം സംസ്ഥാന ആസൂത്രണ ബോർഡിന്റെ പ്രത്യേകാനുമതിയോടെ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തതായി പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊടുമൺ ഒറ്റത്തേക്കിലാണ് മില്ല് ആരംഭിക്കുന്നത്. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ 60 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. പറക്കോട് ബ്ലോക്ക്, കൊടുമൺ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.
ഒരു ദിവസം രണ്ട് ടൺ നെല്ല് പുഴുങ്ങി കുത്തി അരിയാക്കി മാറ്റാൻ ശേഷിയുള്ള മില്ലാണിത്. കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇപ്പോൾ കൊടുമൺ റൈസ് എന്ന പേരിൽ അരി ഉത്പാദിപ്പിക്കുന്നുണ്ട് .
പുതിയ മില്ല് സ്ഥാപിക്കുന്നതോടെ കൊടുമൺ, വള്ളിക്കോട്, പന്തളം പ്രദേശങ്ങളിലെ കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ല് ശേഖരിച്ച് അരി ഉല്പാദനം വിപുലീകരിക്കാൻ കഴിയും. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് പദ്ധതിക്കുവേണ്ടി ചില ആലോചനകൾ മാത്രമാണ് നടന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. ആവശ്യമായ അനുമതികൾ വാങ്ങാനോ നിർമ്മാണം ആരംഭിക്കാനോ കഴിഞ്ഞിരുന്നില്ല. പിന്നീട് ചില തടസങ്ങളുമുണ്ടായി. ഇവയെല്ലാം പരിഹരിച്ചതിനുശേഷമാണ് ഇപ്പോൾ റൈസ് മില്ല് നിർമ്മാണം ആരംഭിക്കാനുള്ള നടപടികളിലേക്ക് കടന്നിരിക്കുന്നത്. മാർച്ചിൽ പണി ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. രണ്ടുവർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കും.
ജില്ലയിലെ നെൽകർഷകർക്ക് ഉത്പാദനച്ചെലവിന്റെ ഒരു പങ്ക് നൽകാൻ വേണ്ടി ഒരു കോടി രൂപയുടെ പദ്ധതി ജില്ലാ പഞ്ചായത്ത് അംഗീകരിച്ചതായും പ്രസിഡന്റ് പറഞ്ഞു. കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് തരിശുനിലം കൃഷി നടത്താൻ 42 ലക്ഷം രൂപയുടെ പദ്ധതിയും തീരുമാനിച്ചിട്ടുണ്ട്. കിഴങ്ങുവർഗങ്ങളുടെ ഇടവിളകൃഷിക്ക് 32 ലക്ഷം രൂപയുടെ പദ്ധതിയും നടപ്പാക്കും.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന പ്രഭ, ജിജി മാത്യു, ലേഖാ സുരേഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.