p

പത്തനംതിട്ട: ജില്ലയുടെ കാർഷിക മേഖലയ്ക്ക് വൻ ഭീഷണി സൃഷ്ടിക്കുന്ന കാട്ടുപന്നികളെ പ്രതിരോധിക്കാൻ 2.53 കോടി രൂപയുടെ പ്രത്യേക പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ആദ്യഘട്ടത്തിൽ 75 ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളും പദ്ധതിയിലേക്ക് പണം നീക്കിവയ്ക്കും. പകുതി പണം ഗുണഭോക്തൃ വിഹിതമാണ്. റബർ ഒഴികെയുള്ള എല്ലാ കൃഷിയിടങ്ങളും സംരക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.
കൃഷിഭൂമിക്കുചുറ്റും ബലവത്തായ തൂണുകളിൽ കമ്പിവേലി സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുന്നതിലൂടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് കൃഷിയിടത്തെ രക്ഷിക്കാനാകും. 60 മില്ലിമീറ്റർ കനമുള്ള പ്രത്യേകതരം കമ്പി ഉപയോഗിച്ചുള്ള വേലിയാണ് നിർമ്മിക്കേണ്ടത്. വേലി ഇരുമ്പു തൂണുകളിലോ കോൺക്രീറ്റ് തൂണുകളിലോ ബന്ധിപ്പിക്കാം. ഒന്നര മീറ്റർ ഉയരമെങ്കിലും ഇതിനുണ്ടാകണം. ഭൂമിക്കടിയിലേക്ക് അര അടിയെങ്കിലും നിർമ്മാണം ഉണ്ടാകണം. ഒരു മീറ്റർ വേലിയുടെ നിർമ്മാണത്തിന് 500 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കൃഷിവകുപ്പ് എൻജിനിയർ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള കമ്പി വേലി നിർമ്മാണം ഏറ്റെടുക്കാൻ തയാറുള്ള കർഷകർ ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകണം. ഇതിന് വേണ്ടിവരുന്ന ചെലവിന്റെ പകുതി തുക ത്രിതല പഞ്ചായത്തുകൾ നൽകും. ബാക്കി തുക ഗുണഭോക്താക്കളായ കർഷകർ നൽകണം.

# ആദ്യഘട്ടത്തിൽ പറക്കോട്, കോന്നി, റാന്നി, ഇലന്തൂർ, കോയിപ്രം, മല്ലപ്പള്ളി, പന്തളം ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലുള്ള 24 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി

# ഈ വർഷം 500 കർഷകരെ പദ്ധതിയിൽ ഉൾപ്പെടുത്തും.

"ബലമുള്ള കമ്പിവേലി നേരിട്ടുതന്നെ കർഷകർ വാങ്ങണം. നിർമ്മാണം പരിശോധിച്ചശേഷം സബ്‌സിഡി തുക കർഷകരുടെ അക്കൗണ്ടിലേക്ക് നൽകും. മൊത്തം ചെലവിന്റെ പകുതി തുകയാണ് സബ്‌സിഡിയായി ലഭിക്കുന്നത്. ഒന്നിലധികം കൃഷിയിടങ്ങളുടെ സംരക്ഷണത്തിനായി കർഷകർക്ക് കൂട്ടായും പദ്ധതി ഏറ്റെടുക്കാം. പദ്ധതിക്ക് സംസ്ഥാന ആസൂത്രണ ബോർഡ് അംഗീകാരം ലഭിച്ചിട്ടുണ്ട്. "

ഓമല്ലൂർ ശങ്കരൻ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

2.53 കോടി രൂപയുടെ പദ്ധതി