തിരുവല്ല: കൊവിഡ് മൂന്നാംഘട്ട വ്യാപനം തിരുവല്ലയിൽ അതിരൂക്ഷമായി പടരുന്നു. ജില്ലയിൽ ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള സ്ഥലമായി തിരുവല്ല മാറി. ഒരാഴ്ചയ്ക്കിടെ ആശുപത്രികളിലും ബാങ്കുകളിലും സ്‌കൂളുകളിലും ഓഫീസുകളിലും ഉൾപ്പെടെ നിരവധി ക്ലസ്റ്ററുകൾ രൂപപ്പെട്ടു. സാമൂഹ്യവ്യാപനം ഉണ്ടായതായി സംശയിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പരിശോധന നടത്തുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. അതേസമയം രോഗലക്ഷണങ്ങളുമായി പരിശോധയ്ക്ക് എത്തുന്നവരിൽ 90% കൊവിഡ് പോസിറ്റിവാണ്. കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവന്ന കണക്കിൽ 196 പേർ തിരുവല്ല നഗരസഭയിൽ മാത്രം രോഗബാധിതരായി. ഇതേദിവസം താലൂക്കിലാകെ അഞ്ഞൂറോളം പേർക്ക് കൊവിഡ് പിടിപെട്ടു. തിരുവല്ലയിൽ കൊവിഡ് ബാധിതരായ രണ്ടായിരത്തോളം പേർ ഇപ്പോൾ ചികിത്സയിലാണ്. ഇന്നലെ നഗരസഭയിൽ മാത്രം150 പേർക്ക് പുതിയതായി രോഗബാധ ഉണ്ടായി. തിരുവല്ല നഗരസഭയിലും പഞ്ചായത്തുകളിലും ദിവസവും ഇരുപതോളം പേർ രോഗബാധിതരാകുന്നുണ്ട്. പെരിങ്ങരയിലും ഇരവിപേരൂരിലും രോഗബാധിതർ 200 പിന്നിട്ടു. ഗുരുതരപ്രശ്‍നങ്ങൾ ഉള്ളവർ മാത്രമാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഒ.പിയിൽ ചികിത്സ തേടിയെത്തുന്നവരിൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന രോഗലക്ഷണമുള്ളവർ മാത്രമാണ് ഇപ്പോൾ ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നത്.

ജീവനക്കാരുടെ കുറവ് നികത്തും


കൊവിഡ് ബ്രിഗേഡ് ജീവനക്കാരെ വീണ്ടും നിയമിക്കാൻ തീരുമാനമായി. ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതോടെ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം കഴിഞ്ഞ ദിവസങ്ങളിൽ താളംതെറ്റിയിരുന്നു. ഇതേതുടർന്ന് മൂന്ന് ഡോക്ടർമാരെയും ആറ് വീതം നേഴ്‌സുമാരെയും ശുചീകരണ തൊഴിലാളികളെയും അടിയന്തിരമായി നിയമിക്കാൻ നടപടി തുടങ്ങിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കവിയൂർ പി.എച്ച്.സിയിലും പകുതിയിലേറെ പേർക്ക് കൊവിഡ് ബാധിച്ചു.

താലൂക്കാശുപത്രിയിൽ 44 വാർഡുകൾ സജ്ജം

തിരുവല്ല താലൂക്ക് ആശുപത്രിയിലെ പ്രധാന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ 20 വാർഡുകൾ കൊവിഡ് ബാധിതർക്കായി സജ്ജമാക്കിയിട്ടുണ്ട്. 24 പേ വാർഡുകളും ഒരുക്കിയിട്ടുണ്ട്. നഗരസഭയിലെയും പുളിക്കീഴ് ബ്ലോക്ക് പരിധിയിലുമുള്ള ഗുരുതര രോഗികൾ മാത്രമാണ് ഇവിടെ ചികിത്സയിലുള്ളത്. ഭൂരിഭാഗം പേരും വീടുകളിൽ തന്നെ കഴിയുകയാണ്. ഇ സഞ്ജീവനിയിലൂടെ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തുന്നവരും കൂടിയിട്ടുണ്ട്. താലൂക്കിന്റെ കിഴക്കൻ മേഖലയിലുള്ളവർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് ചികിത്സിക്കുന്നത്.

ഇന്നലെ നഗരസഭയിൽ 150 പേർക്ക് കൊവിഡ്

ക്ലസ്റ്ററുകൾ വ്യാപകം